ചാവക്കാട്ടുകാരന് മര്‍ദനം: പൊലീസിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
text_fieldsമുംബൈ: മുസ്ലിമെന്ന് അധിക്ഷേപിച്ചും പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ടും ചാവക്കാട് സ്വദേശിയായ 19കാരനെ മര്‍ദിച്ച മുംബൈ പൊലീസിനെതിരെ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. നഗരത്തിലെ മാഹിമില്‍ കഴിയുന്ന ചാവക്കാട്, തിരുവത്ര, തിരുവത്തുവീട്ടില്‍ പരേതനായ ബഷീറിന്‍െറ മകന്‍ ആസിഫിനാണ് ശനിയാഴ്ച പുലര്‍ച്ചെ ബാന്ദ്ര പൊലീസില്‍നിന്ന് കൊടിയ മര്‍ദനമേറ്റത്.
എല്ലുകളൊടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്ത ആസിഫ് ബാന്ദ്രയിലെ ബാബാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുംബൈ പൊലീസ് ജോയന്‍റ് കമീഷണര്‍ ദേവന്‍ ഭാരതി ഡി.സി.പി സത്യനാരായണ്‍ ചൗധരിക്ക് നിര്‍ദേശം നല്‍കി. വിഷയം വിവാദമായതോടെ പ്രശ്നമൊതുക്കാന്‍ ബാന്ദ്ര പൊലീസ് ശ്രമിക്കുകയും ലക്ഷം രൂപ വാഗ്ദാനംചെയ്യുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ വഴങ്ങാത്തതോടെ ആസിഫ് പൊലീസിനെ മര്‍ദിച്ചെന്ന പേരില്‍ ബാന്ദ്ര പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. ബോഡിബില്‍ഡറും ഫിസിക്കല്‍ ട്രെയ്നറുമായ ആസിഫ് മര്‍ദിക്കുകയായിരുന്നുവെന്നും അയാളെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കായികമായി ഇടപെടേണ്ടിവന്നെന്നും ഇതിനിടയിലാണ് ആസിഫിന് പരിക്കേറ്റതെന്നുമാണ് പൊലീസ് ഭാഷ്യം. പൊലീസുകാര്‍ക്കെതിരെ ആസിഫിന്‍െറ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തയാറായില്ല.
ആസിഫിന് നീതി തേടി തിങ്കളാഴ്ച മുംബൈ പൊലീസ് കമീഷണറെ കാണുമെന്നും ഫലമുണ്ടായില്ളെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മുസ്ലിം ലീഗ് മുംബൈ ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുറഹ്മാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
