തൃക്കൊടിത്താനത്ത് കൊടിപാറും പോരാട്ടം
text_fieldsപാരമ്പര്യം യു.ഡി.എഫിനൊപ്പമാണെങ്കിലും കഴിഞ്ഞതവണ തൃക്കൊടിത്താനം ചാഞ്ഞത് എല്‍.ഡി.എഫ് പക്ഷത്തേക്കായിരുന്നു. ഇതുകൊണ്ടുതന്നെ ഇത്തവണ സ്വന്തം കൊടി ഉയര്‍ത്താനാകുമെന്ന ആത്മവിശ്വാസമാണ് ഇരുമുന്നണിക്കും. ഇരുകൂട്ടര്‍ക്കും വെല്ലുവിളിയായി ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യവും സജീവമായി രംഗത്തുണ്ട്. വാഴപ്പള്ളി, വാകത്താനം ഡിവിഷനുകളില്‍ ഭിന്നിച്ചുകിടന്ന തൃക്കൊടിത്താനത്തെ 2011 ലാണ് ജില്ലാപഞ്ചായത്ത് ഡിവിഷനായി രൂപവത്കരിച്ചത്. ആദ്യ ടേമില്‍ വനിതാ സംവരണമായിരുന്ന ഡിവിഷനില്‍നിന്ന് എല്‍.ഡി.എഫിലെ എന്‍.സി. പ്രിനിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ്^എമ്മിലെ ലാലിമ്മ ചാക്കോയെയാണ് പരാജയപ്പെടുത്തിയത്. 3928 വോട്ടായിരുന്നു പ്രിനിയുടെ ഭൂരിപക്ഷം.
ഇത്തവണ കേരള കോണ്‍ഗ്രസ്^എം ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മാടപ്പള്ളി ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ വി.ജെ. ലാലിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനുമാണ്. കഴിഞ്ഞ തവണ ബ്ളോക് പഞ്ചായത്തിലേക്കുള്ള മത്സരത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വി.ജെ. ലാലിക്കായിരുന്നു. 3920 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു ലാലിക്ക് ലഭിച്ചത്.
15 വര്‍ഷം പഞ്ചായത്തംഗവും തൃക്കൊടിത്താനം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും സി.പി.എം ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗവുമായ വി.കെ. സുനില്‍കുമാറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കോട്ടയം ജില്ലാ സഹകരണ ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യം സ്ഥാനാര്‍ഥിയായി കെ.ജി. രാജ്മോഹനാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായിരുന്നു അദ്ദേഹം. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് നേടിയെന്ന റെക്കോഡ് രാജ്മോഹനനാണ്. ഇത്തിത്താനം ഇളങ്കാവ് ദേവസ്വം ഭരണസമിതി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവര്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തോമസ് മുട്ടത്തേട്ടും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.മാടപ്പള്ളി ബ്ളോക്കിലെ അയര്‍ക്കാട്ടുവയല്‍, കോട്ടമുറി, തൃക്കൊടിത്താനം, പായിപ്പാട്, പൂവം, തെങ്ങണ ഡിവിഷനുകളും തൃക്കൊടിത്താനം പഞ്ചായത്തിലെ 20 വാര്‍ഡും പായിപ്പാട് പഞ്ചായത്തിലെ 16 വാര്‍ഡും മാടപ്പള്ളി പഞ്ചായത്തിലെ 13 മുതല്‍ 19 വരെയുള്ള വാര്‍ഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത് വാര്‍ഡുകളുമുള്‍പ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍. ഇതില്‍ തെങ്ങണ, പൂവം, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് ഭരണവും മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരണവുമായിരുന്നു. എസ്.എന്‍.ഡി.പിക്ക് വേരോട്ടമുള്ള മേഖലയില്‍ ബി.ജെ.പി^എസ്.എന്‍.ഡി.പി സഖ്യവും ചിലത് പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
