വോട്ടു ചെയ്യാന്‍ പഠിക്കാം
text_fields1. വോട്ട് ചെയ്യുന്നതിന് പോളിങ് ബൂത്തില്‍ പ്രവേശിച്ചാല്‍ പോളിങ് ഉദ്യോഗസ്ഥന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും മറ്റ് വിവരങ്ങളും പരിശോധിക്കും 
2. തുടര്‍ന്ന് വോട്ടര്‍ തൊട്ടടുത്ത പോളിങ് ഓഫിസറുടെ അടുത്ത് ചെല്ലണം. ഇവിടെ കൈവിരലില്‍ മഷി അടയാളം പതിക്കും. അവിടെ സൂക്ഷിച്ചിട്ടുള്ള വോട്ട് രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തണം. അവിടെനിന്ന് സ്ളിപ്പ് ലഭിക്കും. ഈ സ്ളിപ്പ് വോട്ടിങ് യന്ത്രത്തിന്‍െറ കണ്‍ട്രോള്‍ യൂനിറ്റിന്‍െറ ചുമതലയുള്ള പോളിങ് ഓഫിസറെ എല്‍പ്പിക്കണം.
3. ആ സമയം ഓഫിസര്‍ വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കണ്‍ട്രോള്‍ യൂനിറ്റിലെ ബട്ടണ്‍ അമര്‍ത്തുന്നതും ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കുന്നതുമായിരിക്കും. ശബ്ദം കേട്ടശേഷം വോട്ടര്‍ വോട്ടിങ് കമ്പാര്‍ട്ട്മെന്‍റിലേക്ക് പോകണം
4. മൂന്ന് ബാലറ്റ് യൂനിറ്റുകളിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. ബാലറ്റ് യൂനിറ്റുകള്‍ വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് വ്യക്തമാക്കുന്ന പച്ച നിറത്തിലുള്ള ചെറിയ ലൈറ്റ് ഓരോ ബാലറ്റ് യൂനിറ്റിന്‍െറയും ഏറ്റവും മുകളില്‍ ഇടതുഭാഗത്ത് തെളിഞ്ഞിരിക്കും.
5. ഒരു വോട്ടര്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. വോട്ടിങ് കമ്പാര്‍ട്ട്മെന്‍റില്‍ വെച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂനിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തില്‍ സജ്ജീകരിച്ചിരിക്കും. ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ള നിറത്തിലുള്ള ലേബല്‍ ആയിരിക്കും പതിച്ചിരിക്കുക. ഏത് സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്യേണ്ടത് ആ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തണം. അപ്പോള്‍ ഒരു ബീപ്പ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ചുവന്ന ലൈറ്റ് പ്രകാശിക്കുകയും ചെയ്യും. ഇതോടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
വോട്ടുയന്ത്രം ഉപയോഗിക്കുമ്പോള്‍
ഒരു കണ്‍ട്രോള്‍ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളും അടങ്ങിയതാണ് വോട്ടുയന്ത്രം. ഏതെങ്കിലും ഒരു തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15ല്‍ കൂടുതല്‍ വന്നാല്‍ പ്രസ്തുത തലത്തിലേക്ക് രണ്ടാമത് ഒരു ബാലറ്റ് യൂനിറ്റ് കൂടി ഉണ്ടായിരിക്കും.
ശ്രദ്ധിക്കേണ്ടവ
- ആദ്യത്തെ ബാലറ്റ് യൂനിറ്റില്‍ വോട്ട് രേഖപ്പെടുത്തിയ അതേ രീതിയില്‍ തന്നെ മറ്റ് രണ്ട് തലത്തിലുള്ള ബാലറ്റ് യൂനിറ്റുകളിലും വോട്ട് രേഖപ്പെടുത്താം. ബ്ളോക് തലത്തിലേക്കുള്ള ബാലറ്റ് യൂനിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാതലത്തിലേക്കുള്ള യൂനിറ്റില്‍ ഇളം നീലനിറത്തിലുള്ള ബാലറ്റുമായിരിക്കും പതിച്ചിരിക്കുന്നത്.
- മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂനിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും.
- വോട്ട് രേഖപ്പെടുത്താന്‍ താല്‍പര്യമില്ലാതിരുന്നാല്‍ അവസാനത്തെ ബാലറ്റ് യൂനിറ്റിലെ അവസാന ബട്ടണ്‍ (ഇതിനെ എന്‍ഡ് ബട്ടണ്‍ എന്ന് പറയും. ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമര്‍ത്തുമ്പോള്‍ വോട്ടിങ് പൂര്‍ത്തിയായി എന്ന് വ്യക്തമാക്കുന്ന നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
- ഒരേസമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അതുപോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
- ഭാഗികമായി മാത്രം വോട്ടുകള്‍ രേഖപ്പെടുത്തുമ്പോള്‍ (ഒന്നോ രണ്ടോ തലത്തിലേക്ക് മാത്രം) യന്ത്രത്തിലെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
- എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
