എന്തതിശയമേ...
text_fieldsഇതുതാണ്‍ടാ പാലക്കാടന്‍ രാഷ്ട്രീയം. ഇവന്മാരോട് ചൂതുകളിക്കിറങ്ങിയാല്‍ ആദ്യ മിനിറ്റില്‍ തന്നെ തോറ്റോടും സാക്ഷാല്‍ ശകുനി. ഖദര്‍ധാരിയും മുന്‍ കൗണ്‍സിലറുമായ ഒരു വ്യാപാരി ആരുടെയും അനുമതിയില്ലാതെ നഗരസഭാ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയ ശേഷം അഞ്ചുവിളക്കിനടുത്തത്തെി തണല്‍പാട് നോക്കി നിരാഹാരമിരിക്കുന്നു. വേറെ ചിലര്‍ നല്‍കിയ പത്രിക പിന്‍വലിക്കാന്‍ ദ്രവ്യവുമായി എത്തുന്നവരെയാണ് കാത്തിരിക്കുന്നത്. മറ്റു ചിലര്‍ ഇതുവരെയുള്ള രാഷ്ട്രീയ പാരമ്പര്യമെല്ലാം മൂലയില്‍ തള്ളി പുതിയ ലാവണത്തില്‍ പ്രത്യക്ഷപ്പെടുന്നു. പുത്തന്‍ രാഷ്ട്രീയത്തിന്‍െറ പോക്ക് അമ്പരപ്പ്, വെറും പകപ്പ്, പേടി, വിറയല്‍, അമര്‍ഷം തുടങ്ങി വിവിധ വികാരങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ഇടയാക്കുന്നതാണ്.
പിരായിരിയിലെ കഥക്ക് കുറേക്കൂടി ഹാസ്യരസം കല്‍പിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ 17ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിയായി ജയിച്ചുകയറിയ വിദ്വാന്‍ ഇത്തവണ അതേ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വാരമ്പള്ളത്ത് കൈപ്പത്തിക്കാരുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലൊന്നില്‍ വിജയിച്ച കോണ്‍ഗ്രസുകാരന്‍ സീറ്റ് ചോദിച്ചിട്ടും കിട്ടാതെ വന്നപ്പോള്‍ ഇതേ വാര്‍ഡില്‍ പത്രിക നല്‍കി. ഇദ്ദേഹത്തിന്‍െറ സീറ്റാവശ്യം ആനക്കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്ത് ശീലമുള്ള ജവഹര്‍ ഭവനിലുള്ളവര്‍ക്ക് പരിഗണിക്കാന്‍ തന്നെ തോന്നിയില്ല. സി.പി.എമ്മില്‍നിന്ന് ഒരുവനെ തങ്ങളുടെ ആളായി വാരമ്പള്ളത്ത് അവതരിപ്പിച്ച യു.ഡി.എഫിന് ഫലത്തില്‍ പാര.
സി.പി.എമ്മിനെ ഉപേക്ഷിക്കുകയും വികസന കുതിപ്പിന് വേഗമില്ളെന്ന ബോധ്യം വന്നപ്പോള്‍ പിരായിരി പഞ്ചായത്ത് വികസന സമിതി എന്നൊരു മഹാപ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തയാളാണ് ഇപ്പോഴത്തെ വാരമ്പള്ളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഈ വാര്‍ഡിലെ സ്ഥിതി മറ്റുവാര്‍ഡുകള്‍ക്ക് ബാധകമാക്കാതിരിക്കാന്‍ വികസന സമിതി പ്രത്യേകം ശ്രദ്ധിക്കുന്നു. ഇരുമുന്നണികള്‍ക്കുമെതിരെ സമിതി മത്സര രംഗത്താണ്. പിരായിരിയിലെ തന്നെ 21ാം വാര്‍ഡിലെ കോണ്‍ഗ്രസ് ദുരവസ്ഥ പരിഹരിക്കാന്‍ എ.ഐ.സി.സി വിചാരിച്ചാലും കഴിയുമോ എന്ന് സംശയം. കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും അവിടെ സ്ഥാനാര്‍ഥികളാണ്. ഒൗദ്യോഗികന്‍ പ്രസിഡന്‍റാണെന്നും അല്ല, സെക്രട്ടറിയാണെന്നും പറഞ്ഞ് ഇരുചേരികള്‍ തന്നെ രൂപപ്പെട്ടതായാണ് വിവരം.
പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരുടെ വൈവിധ്യമാര്‍ന്ന ബുദ്ധിമുട്ടുകള്‍ക്ക് ചില ന്യൂജെന്‍ സുഹൃത്തുക്കള്‍ അര നിമിഷം കൊണ്ടാണ് പരിഹാരം കണ്ടത്. ഒറ്റയടിക്ക് വാര്‍ഡുകളുടെ എണ്ണം ഇരട്ടിയെങ്കിലുമാക്കി വര്‍ധിപ്പിക്കുക. എന്നാല്‍, പലരുടെയും കാലും കൈയും വാരി എത്രയോ വട്ടം ജയിച്ച് കൗണ്‍സിലിലത്തെുകയും പോരുകഥ മറന്ന് ചിലപ്പോള്‍ സൗഹൃദവും മറ്റു ചിലപ്പോള്‍ തെറിവിളിയുമായി ജനത്തെ കോവര്‍കഴുതകളുടെ പരിചാരകരായി കണക്കാക്കുകയും ചെയ്യുന്നവരുടെ പ്രശ്ന പരിഹാരത്തിന് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്ന് കരുതിയ ന്യൂജെന്‍ സുഹൃത്തുക്കള്‍ ശരിക്കും പരമസാധുക്കള്‍. വാര്‍ഡ് വര്‍ധന തല്‍ക്കാലം കഴിയില്ല എന്നതല്ല, കാരണം.
ഇപ്പോഴുള്ളതിന്‍െറ നൂറിരട്ടി വര്‍ധിപ്പിച്ചാലും പ്രശ്ന പരിഹാരത്തിന് കഴിയില്ല എന്നുറപ്പ്. അധികാര ഹാളിലെ രസമുകുളങ്ങള്‍ ആസ്വദിച്ചവര്‍ക്കെല്ലാം വാര്‍ഡുകള്‍ വര്‍ധിക്കുംതോറും കൊതിമൂത്ത് അതികൊതിയാവും. സീറ്റിനായി നിലമറന്ന് എന്തും ചെയ്യും. പാര്‍ട്ടികള്‍ പലതവണ മാറും. ഉറ്റവരെ ശത്രുക്കളാക്കും. സുഹൃത്തുക്കളെ അസഭ്യവര്‍ഷം കൊണ്ടുമൂടും. കുനിയാന്‍ പറഞ്ഞാല്‍ കമിഴും. സംശയമെന്തെങ്കിലും ഉള്ളവരുണ്ടോ...നിരീക്ഷിക്കുക തെരഞ്ഞെടുപ്പ് രംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
