മായാത്ത ചുവരെഴുത്തായി ആര്‍ട്ടിസ്റ്റ് ഭാസി
text_fieldsകടയ്ക്കല്‍: ഫ്ളക്സ്ബോര്‍ഡുകള്‍ കീഴടക്കിയ തെരഞ്ഞെടുപ്പ് പ്രചാരണലോകത്ത് ഇന്നും ചുവരെഴുത്തുമായി സജീവമാണ് ആര്‍ട്ടിസ്റ്റ് ഭാസിയെന്ന കലാകാരന്‍. 1975 മുതലുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും കടയ്ക്കല്‍ മേഖലയില്‍ ചുവരെഴുത്തും ബാനറും ഉള്‍പ്പെടെയുള്ള പ്രചാരണ സാമഗ്രികള്‍ തയാറാക്കുന്നത് ഭാസിയാണ്. ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ വരയും എഴുത്തും നടത്തിയത്.
ഭാസിയുടെ കലാവിരുന്ന് പതിയാത്ത ചുവരുകള്‍ ചടയമംഗലം മണ്ഡലത്തിലുണ്ടാവില്ല. കോളജ് പഠനകാലത്ത് 1973ലെ കേരള യൂനിവേഴ്സിറ്റി കലോത്സവങ്ങളിലടക്കം ചിത്രരചനയില്‍ ഒന്നാമനായിരുന്നു. കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍ എന്നിവരുടെ കവിതകള്‍ക്ക് ഭാസി തയാറാക്കിയ വര്‍ണശബളമായ ചിത്രണം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റഡി സര്‍ക്ക്ള്‍, ഫിലിം സൊസൈറ്റി, ഫൈന്‍ആര്‍ട്സ് സൊസൈറ്റി എന്നിവയൊക്കെ മൂന്നര പതിറ്റാണ്ട് മുമ്പ് കടയ്ക്കല്‍ഗ്രാമത്തില്‍ സജീവമായിരുന്നകാലത്ത് അതിന്‍െറ മുഖ്യചുമതലക്കാരനും ഈ കലാകാരനായിരുന്നു. കല സാമൂഹികമാറ്റത്തിന് വേണ്ടിയെന്ന് ദൃഢമായി വിശ്വസിക്കുകയും വ്യക്തിജീവിതം അതിനുവേണ്ടി ഹോമിക്കുകയും ചെയ്തതിനാല്‍ ജീവിതത്തില്‍ സമ്പാദ്യമൊന്നുമുണ്ടായില്ല. പഠിച്ചതും ബിരുദമെടുത്തതും സാമ്പത്തികശാസ്ത്രമായിരുന്നു. പി.എ. ബക്കറിന്‍െറ കബനീനദി ചുവന്നപ്പോള്‍, മൃണാള്‍ സെന്നിന്‍െറ മൃഗയ, സത്യജിത്ത് റേയുടെ ഷത്ത്രഞ്ച് കേ ഖിലാഡി (മലയാളം പതിപ്പ്) എന്നീ സിനിമകളുടെ പോസ്റ്ററുകളും എം.ടി യുടെ ഗോപുരനടയില്‍ എന്ന നാടകത്തിന്‍െറ പരസ്യബോര്‍ഡുകളും ഭാസി ചെയ്തിരുന്നു.
പുതിയ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍െറ ഭാവനക്കും സര്‍ഗസിദ്ധിക്കും ആത്മാര്‍ഥതക്കും തൊഴില്‍പ്രാവീണ്യത്തിനും പകരം കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഗ്രാമീണദേശങ്ങളില്‍ വരെ എത്തിയതോടെ ചിത്രകാരന്മാര്‍ക്ക് പണി കുറഞ്ഞെങ്കിലും ഇന്നും കടയ്ക്കല്‍ ദീപ്തി കമ്പയന്‍സിലെ ആര്‍ട്ടിസ്റ്റ് ഭാസിയുടെ വരയ്ക്കും എഴുത്തിനും ആവശ്യക്കാരേറെയുണ്ട്. ഭാര്യ ഷീനയുടെയും ഏക മകള്‍ ദീപ്തിയുടെയും പിന്തുണയാണ് ജീവിതവിജയമെന്ന് അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
