ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം: ഇടത് അനുകൂല നിലപാടുമായി സമസ്ത നേതാവ്
text_fieldsകോഴിക്കോട്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ ഉറച്ച നിലപാടും വിശ്വാസ്യതയും ഇടതുപക്ഷത്തിനുണ്ടെന്ന് സമസ്ത നേതാവും സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സംഘ്പരിവാര്‍ ഫാഷിസത്തിനും അസഹിഷ്ണുതക്കുമെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തെ ന്യൂനപക്ഷങ്ങള്‍ പിന്തുണക്കണമെന്നും സി.പി.എമ്മിന്‍െറ മതേതര നിലപാടുകള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹമീദ് ഫൈസി മീഡിയാവണിനോട് പറഞ്ഞു.
ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ് ആര് നടത്തുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പരിഗണിക്കേണ്ടത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്‍െറ പ്രവര്‍ത്തനം മാതൃകാപരമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും എപ്പോഴും നല്‍കും. സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് ഒരിക്കലും കോണ്‍ഗ്രസ് എടുത്തിട്ടില്ല. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസ് മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, അങ്ങനെയൊരു നിലപാടെടുത്ത ചരിത്രം കോണ്‍ഗ്രസിനില്ല.
ഭക്ഷണ ഫാഷിസത്തിനെതിരായ ഇടതു നിലപാട് ശരിയാണ്. എന്നാല്‍, ബീഫ് ഫെസ്റ്റിന്‍െറ പേരില്‍ സംഘര്‍ഷമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഹമീദ് ഫൈസി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെതിരെയും രൂക്ഷമായ വിമര്‍ശമാണ് സമസ്തയുടെ പ്രമുഖ നേതാക്കളിലൊരാളായ ഹമീദ് ഫൈസി ഉന്നയിച്ചത്. ന്യായമായ അവകാശങ്ങളാണെങ്കില്‍ പോലും ശക്തമായ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രം വകവെച്ചുകൊടുത്താല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടരുന്നത്. മുസ്ലിംകള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ബി.ജെ.പിയുടെയും ഹൈന്ദവ വിഭാഗങ്ങളുടെയും എതിര്‍പ്പിന് കാരണമാകുമോയെന്ന ഭയമാണ് ഉമ്മന്‍ ചാണ്ടിക്ക് -ഹമീദ് ഫൈസി പറഞ്ഞു.
കോണ്‍ഗ്രസിനോട് ശക്തമായ എതിര്‍പ്പാണ് സമസ്തയുടെ യുവനേതാക്കള്‍ക്കുള്ളത്. യു.ഡി.എഫ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചിട്ടും അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് എതിരുനില്‍ക്കുന്നതും ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാത്തതുമാണ് എതിര്‍പ്പിന്‍െറ ഒരു കാരണം. സമുദായത്തിന്‍െറ അജണ്ടകള്‍ ലീഗ് കൈയൊഴിയുന്നു എന്ന വിലയിരുത്തലും ഇടതുപക്ഷാനുകൂല ചിന്തകള്‍ക്ക് ശക്തിപകര്‍ന്നു. നിലവിളക്ക് വിവാദത്തില്‍ കെ.എം. ഷാജി, എം.കെ. മുനീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി തുടങ്ങിയവരുടെ നിലപാടുകളും സമസ്തയെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഹമീദ് ഫൈസിയുടെ പ്രസ്താവന.
സമസ്തയുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല -എസ്.വൈ.എസ്
മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ളെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ ഉറച്ച നിലപാടും വിശ്വാസ്യതയും ഇടതുപക്ഷത്തിനുണ്ടെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.
1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചതാണ് ഇക്കാര്യം. ഈ നിലപാടില്‍ മാറ്റമില്ല. മതേതരത്വം സംരക്ഷിക്കാന്‍ നിരീശ്വര പ്രസ്ഥാനങ്ങള്‍ക്ക് കഴിവുണ്ടെന്ന നിരീക്ഷണം കോഴിയുടെ സംരക്ഷണം കുറുക്കനില്‍ സുരക്ഷിതമാണെന്നതുപോലെ അപകടകരമാണ്.
കമ്യൂണിസം വാഴുന്ന ചൈന ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ മതാചാരങ്ങളോ അനുഷ്ഠാനങ്ങളോ അനുവദിക്കുന്നില്ളെന്നത് വര്‍ത്തമാന യാഥാര്‍ഥ്യമാണെന്ന് സെക്രട്ടറിമാരായ ഹാജി കെ. മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറര്‍ അബ്ദുറഹ്മാന്‍ കല്ലായി എന്നിവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാഷിസമാണ്. ഇതിനെ നേരിടുന്ന വിഷയത്തില്‍ എല്ലാ മതേതര കക്ഷികളും ഒന്നിക്കണം. ഫാഷിസത്തെ ചെറുക്കാന്‍ മുസ്ലിം സംഘടിതശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ സഹായിക്കുകയാണ് ചെയ്യേണ്ടത്.
കമ്യൂണിസത്തിന് മുസ്ലിംകളെ സംരക്ഷിക്കാനാവില്ളെന്ന് അവര്‍ തെളിയിച്ചതാണ്. ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ളെന്നും വ്യക്തമായതാണ്- എസ്.വൈ.എസ് നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.