സ്മാര്‍ട്ട് സിറ്റി മാനേജ്മെന്‍റ് തര്‍ക്കം: കരാറുകാരും തൊഴിലാളികളും പ്രതിസന്ധിയില്‍
text_fieldsകൊച്ചി: സ്മാര്‍ട്ട് സിറ്റി തലപ്പത്തെ വിവാദവും ആരോപണങ്ങളും മൂവായിരം തൊഴിലാളികളുടെ വയറ്റത്തടിച്ചു. 18 കരാറുകാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. മൂന്നുമാസമായി ഇവരുടെ ബില്ലുകള്‍ മാറിക്കിട്ടാത്തതാണ് കാരണം. ഇത് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ടമായ എസ്.സി.കെ-1 കെട്ടിടത്തിന്‍െറ നിര്‍മാണത്തെയും പ്രതിസന്ധിയിലാക്കി.
എസ്.സി.കെ-1 കെട്ടിടത്തിന്‍െറ 95 ശതമാനം നിര്‍മാണം പൂര്‍ത്തിയായെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍, നാല്‍പത് ശതമാനം ജോലി ബാക്കിയാണെന്ന് കരാറുകാരും വിശദീകരിക്കുന്നു. ആറരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്‍െറ നിര്‍മാണത്തിന്18 കരാറുകാര്‍ക്കാണ് ചുമതല.
പ്രധാന കെട്ടിടത്തിന്‍െറ നിര്‍മാണം തന്നെ അഞ്ച് കരാറുകാരുടെ ചുമതലയാണ്. വൈദ്യുതീകരണം, അനുബന്ധ സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ ജോലികള്‍ക്കായി മറ്റ് 13 കരാറുകാരെയും ചുമതലയേല്‍പിച്ചു. ഇവരുടെയെല്ലാം കീഴില്‍ മൂവായിരം തൊഴിലാളികളാണുള്ളത്. എന്നാല്‍, മൂന്നുമാസമായി ബില്ലുകളൊന്നും പാസാകാതായതോടെ നിര്‍മാണം മന്ദഗതിയിലായി. ഇപ്പോള്‍ നേരത്തെയുണ്ടായിരുന്നതിന്‍െറ 20 ശതമാനം തൊഴിലാളികള്‍ മാത്രമാണ് പണിയെടുക്കുന്നത്. കരാറുകാര്‍ നല്ല പങ്കും പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. നേരത്തെ 15ന് മുന്‍മാസത്തെ നിര്‍മാണത്തിന്‍െറ ബില്ല് സമര്‍പ്പിച്ചാല്‍ രണ്ടുദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി തുകയുടെ 70 ശതമാനവും പാസാക്കുമായിരുന്നു. 28ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കിഴിച്ച് ബാക്കി തുകയും നല്‍കിയിരുന്നു. എന്നാല്‍, മൂന്നുമാസമായി മാനേജ്മെന്‍റ് തലത്തിലെ പ്രശ്നം കാരണം ബില്‍ പാസാക്കി നല്‍കുന്നില്ലത്രെ.
ഇന്‍േറണല്‍ ഓഡിറ്റ് നടക്കുകയാണെന്നും അത് പൂര്‍ത്തിയായശേഷം ബില്‍ നല്‍കാമെന്നുമാണ് മാനേജ്മെന്‍റ് വിശദീകരണം. ജൂണ്‍ 23ന് സി.ഇ.ഒ ജിജോ ജോസഫ് രാജി സമര്‍പ്പിച്ചിരുന്നു. പിന്നീട്, അന്നത്തെ നിര്‍മാണത്തിനിടയില്‍ കമ്പി വാങ്ങിയത് സംബന്ധിച്ചും മറ്റും ആരോപണമുയരുകയും അതുവരെയുള്ള മുഴുവന്‍ ഇടപാട് സംബന്ധിച്ചും പരിശോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഇതിനകം പലവട്ടം മാറ്റിവെച്ച് കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ആദ്യ പ്രഖ്യാപനമുണ്ടായി. പിന്നീട് ജൂണിലേക്ക് മാറ്റി. വീണ്ടും ഒക്ടോബറിലേക്കും മാറ്റി. ഒടുവില്‍ ഡിസംബറില്‍ ഉദ്ഘാടനം നടക്കുമെന്നാണ് പ്രഖ്യാപനമുണ്ടായത്. അതിനിടെയാണ് നിര്‍മാണം സംബന്ധിച്ച വിവാദം ഉയര്‍ന്നത്. വിവാദം പദ്ധതിയെ ബാധിക്കില്ളെന്നും മുന്‍ നിശ്ചയിച്ച പ്രകാരം ഡിസംബറില്‍തന്നെ ഉദ്ഘാടനം നടക്കുമെന്നും വിശദീകരിച്ച് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പ്രമോട്ടറായ ദുബൈ സ്മാര്‍ട്ട് സിറ്റിയുടെ വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, ഈ സ്ഥിതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെങ്കില്‍ ഉദ്ഘാടനം വീണ്ടും നീട്ടിവെക്കേണ്ടിവരുമെന്ന് കരാറുകാര്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
