‘വിശപ്പിനോട് വിട’ വാഗ്ദാനവുമായി യു.ഡി.എഫ് പ്രകടനപത്രിക
text_fieldsകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന ‘വിശപ്പിനോട് വിട’ പദ്ധതിക്ക് മുഖ്യ പരിഗണന നല്കി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാതൃകയില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ‘ആശ്വാസ നിധി’യും രൂപവത്കരിക്കും.
കൊച്ചിയില്‍ നടന്ന സംസ്ഥാന യു.ഡി.എഫ് നേതൃസംഗമത്തില്‍ മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് കോപ്പി നല്കി തെരഞ്ഞെടുപ്പ് പത്രിക പ്രകാശനം ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമെന്നും തെരഞ്ഞെടുപ്പ് പത്രിക വാഗ്ദാനം ചെയ്യുന്നു.
നിര്‍ധന യുവതികളുടെ വിവാഹത്തിന് സഹായം നല്കാന് ‘മംഗല്യ സഹായ നിധിയും രൂപവത്കരിക്കും’. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സോഷ്യല്‍ ഓഡിറ്റും നടപ്പാക്കും. എല്ലായിടത്തും തര്‍ക്കപരിഹാര കേന്ദ്രങ്ങള്‍,
തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു നേരം സൗജന്യ ഭക്ഷണം, ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ്, വര്‍ഷത്തിലൊരിക്കല്‍ പ്രവാസി സംഗമം, ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ജനകീയ സമിതികള്‍. മാലിന്യ സംസ്കരണ പ്ളാന്‍്റുകള്‍ നിര്‍ബന്ധമാക്കും, തദ്ദേശ സ്ഥാപനങ്ങളുടെ ആസ്ഥാനത്ത് വൈഫൈ സൗകര്യം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
നേതൃസംഗമം കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.പി മോഹനന്, ഘടകകക്ഷി നേതാക്കളായ എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, രാജന് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
