നിയമസഭയിലെ കൈയാങ്കളി: പൊലീസ് നടപടി അറിയില്ല -സ്പീക്കര്‍
text_fieldsതിരുവനന്തപുരം: ബജറ്റ് അവതരണ ദിവസം നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട് ആറ് പ്രതിപക്ഷ എം.എല്‍.എമാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. മാര്‍ച്ച് 12ന് നിയമസഭയിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റാണ് പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു ശേഷമുള്ള നടപടി താന്‍ അറിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ചാനലുകളില്‍ വന്ന വാര്‍ത്ത മാത്രമേ തനിക്ക് അറിയൂ. പൊലീസ് നടപടിയുടെ ഭാഗമായാവും ഇത് ചെയ്തത്. 13ാം നിയമസഭയുടെ അവസാന കാലമാണ്. എല്ലാവരും സ്നേഹത്തോടെയും സന്തോഷത്തോടെയും പിരിയണമെന്നാണ് ആഗ്രഹം. ചില എം.എല്‍.എമാര്‍ കേസില്‍ പ്രതികളായി പിരിഞ്ഞുപോകണമെന്ന ആഗ്രഹം തനിക്കില്ല. ഇക്കാര്യത്തില്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തും. എന്നാല്‍, കേസ് പിന്‍വലിക്കുമെന്നോ നിലനിര്‍ത്തുമെന്നോ പറയുന്നില്ളെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്പീക്കര്‍ മറുപടി നല്‍കി.