പൊലീസുകാരന്‍റെ ആത്മഹത്യ ദൗര്‍ഭാഗ്യകരം: ആഭ്യന്തരമന്ത്രി
text_fieldsകോഴിക്കോട് : നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഷാജി ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തുടര്‍ നടപടിയുണ്ടാകുമെന്നും ചെന്നിത്തല അറിയിച്ചു.
വാട്സ്ആപ്പില്‍ വന്ന അശ്ളീലചിത്രം മറ്റൊരു ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ സസ്പെന്‍ഷനിലായ നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ഷാജിയെ കഴിഞ്ഞദിവസമാണ് ബാലുശ്ശേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും ഒ.ആര്‍.സി വാട്സ് ആപ് ഗ്രൂപ് അഡ്മിന്‍ പരാതിയില്‍ ഉറച്ചുനിന്നതിനാല്‍ വകുപ്പുതല നടപടിയുണ്ടായി. ഒ.ആര്‍.സി ഗ്രൂപ്പിലെ ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ബന്ധമാണ് പരാതിക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.ടി. ബാലന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരുന്നു സസ്പെന്‍ഷന്‍. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.
