‘കെ.പി.എ. മജീദ് വർഗീയവാദിയും കുഞ്ഞാലിക്കുട്ടി മിതവാദിയും’
text_fieldsമലപ്പുറം: മുസ്ലിം ലീഗിൽ വർഗീയവാദികളും മിതവാദികളുമുണ്ടെന്നും കെ.പി.എ. മജീദ് വർഗീയവാദിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മിതവാദിയുമാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി മലപ്പുറത്തെത്തിയതായിരുന്നു അദ്ദേഹം. ജാതിയുടെയും സമുദായത്തിെൻറയും പേരിൽ അറിയപ്പെടുന്ന മുസ്ലിം ലീഗിെൻറ സ്ഥാനാർഥികളെ നിയമസഭയിലെത്തിക്കുന്നതിൽ ഹിന്ദുക്കൾക്കും പങ്കുണ്ട്. സമുദായത്തിെൻറ പേരിലുള്ള ലീഗ് മതേതരമാണെന്ന് പറയുന്നത് വലിയ കള്ളമാണ്.
സാമൂഹിക നീതിക്കുവേണ്ടി പറയുന്നത് തീവ്രവാദവും വർഗീയതയുമാണെന്നാണ് ലീഗ് നേതാവ് കെ.പി.എ. മജീദ് പറയുന്നത്. ഇവിടെ ഏഴോളം കേരള കോൺഗ്രസുകളുണ്ട്. അതിനെയാരും സമുദായ പാർട്ടികളായി കാണുന്നില്ല. മാധ്യമങ്ങൾ സത്യം തുറന്നുകാണിക്കുന്നില്ല. എസ്.എൻ.ഡി.പി യോഗത്തിന് മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും സർക്കാർ നൽകിയിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റിനും ഇവിടെ ഒന്നും നൽകിയില്ല. ആടിെൻറ പിറകെ നടന്നതുപോലെ കുറെ നടന്നുമടുത്തെന്നും സ്വീകരണ യോഗത്തിൽ സംസാരിക്കവെ വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് മുമ്പ് സംഘടന കെട്ടിപ്പടുക്കാൻ വന്ന താൻ നേരിട്ട ഏറ്റവും വലിയ പ്രശ്നം സമുദായാംഗങ്ങൾക്ക് ശ്മശാനമില്ലാത്തതായിരുന്നു. രണ്ടിടത്ത് ശ്മശാനങ്ങൾ ഉണ്ടാക്കാൻ സഹായിച്ചത് ഇപ്പോഴത്തെ മന്ത്രി മഞ്ഞളാംകുഴി അലിയാണ്. തുഞ്ചത്തെഴുത്തച്ഛന് ഇവിടെ ഒരു പ്രതിമ പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. തിരൂരിൽ അദ്ദേഹത്തിെൻറ ഓർമക്കായി ഒരു മഷിക്കുപ്പിയും പേനയുമാണ് വെച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.