വർധിക്കുന്ന അപകടങ്ങൾ: വ്യാജ ലൈസൻസിനെതിരെ പരിശോധന ശക്തമാക്കുന്നു
text_fieldsമലപ്പുറം: മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നു. സംസ്ഥാനത്ത് നിരവധി പേർ വ്യാജ ലൈസൻസുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും അപകടങ്ങളുണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. വാഹന പരിശോധനക്കിടെ ഇത്തരം ലൈസൻസുകളുടെ ആധികാരികത ഉറപ്പാക്കണമെന്ന് ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ ജെ. തച്ചങ്കരി ഇറക്കിയ ഉത്തരവിൽ നിർദേശിച്ചു. ഏത് സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് കരസ്ഥമാക്കിയതെന്ന് ആരായുകയും സംശയമുള്ളതാണെങ്കിൽ രശീതി നൽകി ലൈസൻസ് പിടിച്ചെടുക്കുകയും വേണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ലൈസൻസിെൻറ ആധികാരികത അതത് സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പിൽ അന്വേഷിച്ച് ഉറപ്പാക്കണം. ലൈസൻസ് വ്യാജമാണെന്ന് തെളിഞ്ഞാൽ ഉപയോഗിച്ച വ്യക്തിക്കെതിരെ മോട്ടോർ വാഹന നിയമം, ഐ.പി.സി എന്നിവ പ്രകാരം നടപടി സ്വീകരിക്കും. ദിവസങ്ങൾക്ക്മുമ്പ് മലപ്പുറം കൊണ്ടോട്ടിക്ക് സമീപം ഐക്കരപ്പടിയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ഡ്രൈവർക്ക് ഇതര സംസ്ഥാന ലൈസൻസാണുണ്ടായിരുന്നതെന്ന് വ്യക്തമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസിെൻറ ആധികാരികത സംബന്ധിച്ചും ശരിയായ രീതിയിലാണോ ലൈസൻസ് കൈവശപ്പെടുത്തിയതെന്നത് സംബന്ധിച്ചും ഇപ്പോൾ സൂക്ഷ്മമായ പരിശോധന നടക്കുന്നില്ല. അതുകൊണ്ടുതന്നെ വളഞ്ഞ വഴിയിലൂടെ ഏജൻറുമാർക്ക് പണം നൽകി നിരവധി പേർ മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമൊക്കെ ലൈസൻസ് കൈവശപ്പെടുത്തുന്നുണ്ട്.
എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും ഉൾപ്പെടെയുള്ള കടമ്പകളില്ലാതെ ലൈസൻസ് കൈകളിലെത്തുമെന്നതിനാൽ ഡ്രൈവിങ്ങിെൻറ ബാലപാഠം അറിയാത്തവർ പോലും ഏജൻറുമാരിലൂടെ ഇത്തരം ലൈസൻസുകൾ സമ്പാദിക്കുന്നു. സംസ്ഥാനത്ത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്ന കാരണങ്ങളിലൊന്ന് മതിയായ പരിശീലനം ലഭിക്കാതെ വാഹനം ഓടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, പ്രായോഗിക പരീക്ഷയിൽ വിജയിച്ചില്ലെങ്കിലും ആർ.ടി.ഒമാരെ സ്വാധീനിച്ച് ലൈസൻസ് കൈവശപ്പെടുത്തുന്ന ലോബി സംസ്ഥാനത്തും പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
