സന്നിധാനത്ത് മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍റര്‍ തുടങ്ങും
text_fieldsശബരിമല: സന്നിധാനത്ത് മരിക്കുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നേതൃത്വത്തില്‍ അടിയന്തരമായി മൂന്ന് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ തുടങ്ങും. കാനനപാതയില്‍ നിലവിലുള്ള 21 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ക്ക് പുറമെയാണിത്. വിദഗ്ധ പരിശീലനം ലഭിച്ച 79 പേരാണ് വിവിധ സെന്‍ററുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷമുണ്ടായ 42 ഹൃദ്രോഗ മരണങ്ങളില്‍ 18 എണ്ണം സന്നിധാനത്താണ്. ഇക്കൊല്ലം ഇതുവരെ നാലുപേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്‍റര്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മാളികപ്പുറം, നടപ്പന്തല്‍, പതിനെട്ടാംപടിക്ക് താഴെ, മരാമത്തിനടുത്തുള്ള ഫയര്‍ഫോഴ്സ് യൂനിറ്റിന് സമീപം എന്നിവിടങ്ങളിലാകും സെന്‍ററുകള്‍ തുടങ്ങുക.
ഓരോ എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററിലും 20,000 രൂപയുടെ ഉപകരണങ്ങളും എമര്‍ജന്‍സി മരുന്നുകളും ലഭ്യമാക്കി. ഒരാഴ്ചക്കുള്ളില്‍ സെന്‍ററുകള്‍ പൂര്‍ണസജ്ജമാക്കും. തീര്‍ഥാടകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഉടന്‍ സ്ട്രെച്ചര്‍ എത്തിക്കാനും അടിസ്ഥാന ജീവനസഹായം നല്‍കാനും സാധിക്കും. എമര്‍ജന്‍സി കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
പരാതികള്‍അറിയിക്കാം 1800-425-1606
ശബരിമല: തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വില ഈടാക്കുകയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് വാങ്ങുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പറില്‍ പരാതി അറിയിക്കാം. പമ്പയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ ഫ്രീ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പമ്പയിലെ കടയില്‍ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ കടകളും ടോയ്ലറ്റുകളും നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കടയുടെ നമ്പര്‍ സഹിതം പരാതിപ്പെട്ടാല്‍ സ്ഥാപനത്തിനെതിരെ ഉടന്‍ നടപടിയെടുക്കാനാവും.
1800-425-1606 നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
