മരിച്ചിട്ടും ജീവിക്കുന്ന മകനെ അവർ കണ്ടു; അഭിമാനത്തോടെ
text_fieldsകൽപറ്റ: കഴിഞ്ഞവർഷം മരിച്ച പ്രിയമകൻ മറ്റുള്ളവരിൽ ജീവിക്കുന്നതുകണ്ട് ആ മാതാപിതാക്കൾ അഭിമാനിച്ചു, കൊഴിഞ്ഞുപോകാത്ത നോവോർമകൾക്കിടയിലും. മരണംകാത്തിരുന്ന തങ്ങൾക്ക് പൊന്നുമോെൻറ തുടിക്കുന്ന അവയവങ്ങൾ നൽകാൻ സന്മനസ്സ് കാണിച്ചവർക്കുമുന്നിൽ വാക്കുകൾ കിട്ടാതെ ആ മൂവരും ഏറെനേരം നിന്നു. വാഹനാപകടത്തിൽ മരിച്ചയാളുടെ അവയവങ്ങൾ സ്വീകരിച്ച മൂന്നുപേരാണ് മരണവാർഷികത്തിൽ ഒത്തുകൂടിയത്. കൽപറ്റ വെയർഹൗസിനടുത്ത സ്രാമ്പിക്കൽ വീട്ടിൽ ജോസിെൻറയും സാലിയുടെയും ഇളയമകൻ അനിൽജോസാണ് കഴിഞ്ഞ നവംബർ 21ന് കൽപറ്റ ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചത്. മസ്തിഷ്കമരണം സംഭവിച്ചയുടൻ അനിലിെൻറ അവയവങ്ങൾ ദാനംചെയ്യാൻ കുടുംബം സമ്മതിച്ചു. ഇതാണ് കൊല്ലം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി മുഹമ്മദ്, കൊണ്ടോട്ടിയിലുള്ള റീന എന്നിവർക്ക് പുതുജീവനായതും.
കൽപറ്റ ഫാത്തിമ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് ഓഫിസറാണ് ജോസ്. അരുൺ, അമൽ, അനിത എന്നിവരാണ് മക്കൾ. ഇളയവനായ അനിൽ ബൈക്ക് അഭ്യാസിയായിരുന്നു. ഡ്രംസ്, ഡി.ജെ മ്യൂസിക്, കമ്പ്യൂട്ടർമേഖലയിലും വിദഗ്ധൻ. സുഹൃത്ത് കൽപറ്റ സ്വദേശി ഹരിയോടൊപ്പമാണ് അന്ന് ബൈക്കിൽ യാത്ര ചെയ്തത്. എതിരെവന്ന കെ.എസ്.ആർ.ടി.സി ബസിനെ വെട്ടിച്ച ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഹരി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. അനിലിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏറെവൈകാതെ മസ്തിഷ്കമരണം സംഭവിച്ചു. ഐ.സി.യുവിന് മുന്നിൽ കാത്തുനിന്ന ജോസിനോട് ഡോക്ടറാണ് കാര്യം പറഞ്ഞത്.
അങ്ങനെയാണ് അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനിച്ചത്. മലപ്പുറം സ്വദേശിയായ 27കാരൻ മുഹമ്മദിെൻറ ശരീരത്തിലാണ് വൃക്ക വെച്ചുപിടിപ്പിച്ചത്. ഉപ്പ മരിച്ച മുഹമ്മദിന് രോഗംബാധിച്ചിട്ട് 15 വർഷമായി. മൂന്നു സഹോദരിമാരും ഉമ്മ ആയിഷയും അടങ്ങുന്നതാണ് കുടുംബം. കൊണ്ടോട്ടിയിലുള്ള മൂന്നു മക്കളുടെ അമ്മയായ റീന (44) എന്ന വീട്ടമ്മക്കാണ് അനിലിെൻറ രണ്ടാമത്തെ വൃക്കമാറ്റിവെച്ചത്. കൊല്ലം സ്വദേശി ജിത്തുവിലാണ് അനിലിെൻറ കരൾ ഇപ്പോഴും മിടിക്കുന്നത്. സ്വന്തം അമ്മയുടെ കരൾമുറിച്ച് പാതി നേരത്തേതന്നെ ജിത്തുവിന് ഘടിപ്പിച്ചിരുന്നു. എന്നാൽ, ഇത് വിജയിച്ചിരുന്നില്ല. ഉടൻ മരണം സംഭവിക്കുമെന്ന ഘട്ടത്തിലാണ് അനിലിെൻറ കരൾ ജിത്തുവിനെ തേടിയെത്തിയത്. കുടുംബത്തിെൻറ ക്ഷണം സ്വീകരിച്ച് മൂവരും കൽപറ്റയിലുള്ള ജോസിെൻറ വീട്ടിലാണ് ശനിയാഴ്ച സംഗമിച്ചത്. ഇവർ ഇപ്പോൾ ആരോഗ്യവാന്മാരാണ്.
അവയവദാനം, അപകടരഹിത ഡ്രൈവിങ് എന്നിവ സംബന്ധിച്ച് ജോസ് തയാറാക്കിയ ‘ദ റിയൽ ഹീറോ’ എന്ന പുസ്തകം കൽപറ്റ നഗരസഭാ ചെയർപേഴ്സൻ ബിന്ദു ജോസ് ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു. കൗൺസിലർ കെ.ടി. ബാബു, ഫാത്തിമ ആശുപത്രി ഡയറക്ടർ ഫാ. സുനിൽ ആൻറണി എന്നിവർ സംസാരിച്ചു. മകൻ അനിലുമായുള്ള സ്നേഹാനുഭവങ്ങൾ പുസ്തകത്തിൽ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
