സുധാകരന്‍ സ്വതന്ത്രന് രണ്ട് തവണയായി ഒരു കോടി വാഗ്ദാനം ചെയ്തു –പി. ജയരാജന്‍
text_fieldsകണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍െറ ഭരണം പിടിക്കാന്‍ കുതിരക്കച്ചവടം നടത്തിയത് കോണ്‍ഗ്രസാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ശാദുലിപ്പള്ളിയില്‍നിന്ന് ജയിച്ച സ്വതന്ത്രന്‍ അഷ്റഫിന് വന്ന കോളുകള്‍ ആരുടേതാണെന്നും തങ്ങളെ പിന്തുണച്ചാല്‍ ആദ്യം 50 ലക്ഷവും വോട്ടിങ് കഴിഞ്ഞാല്‍ 50 ലക്ഷവുമാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സ്വതന്ത്രനായ അഷ്റഫിനെ ചാക്കിലാക്കാന്‍ സുധാകരനാണ് കുതിരക്കച്ചവടം നടത്തിയത്. ഒരു കോടിയില്‍ ആ പാവപ്പെട്ട മനുഷ്യന്‍ വീണില്ല. ആരാണ് കുതിരക്കച്ചവടം നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വ്യക്തമാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. സുധാകരന്‍െറ ബിനാമിയെ മേയര്‍ സ്ഥാനത്തേക്ക് കുടിയിരുത്താനാണ് കണ്ണൂര്‍ കോര്‍പറേഷന്‍ രൂപവത്കരണവുമായി യു.ഡി.എഫ് കച്ചകെട്ടിയിറങ്ങിയത്.
സുധാകരന്‍ വിടുവായത്തം പറയുന്ന ആളാണ്. ഇപ്പോള്‍ മലര്‍ന്നടിച്ച് വീണ സുധാകരനെ രക്ഷിക്കാന്‍ സുധീരന്‍ രംഗത്തു വന്നിരിക്കുകയാണ്. രാഗേഷിനെ കൂടേകൂട്ടാന്‍ സി.പി.എം കുതിരക്കച്ചവടം നടത്തിയിട്ടില്ല. തങ്ങള്‍ക്ക് രഹസ്യ അജണ്ടയില്ല. സുധാകരന്‍ പല രഹസ്യ അജണ്ടയുടെയും ആളാണ്. രാഗേഷുമായി സി.പി.എം ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹം വിജയിച്ചപ്പോള്‍ തങ്ങള്‍ പരസ്യമായി അഭിനന്ദിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് രാഗേഷ് ജയിച്ചത്. ധാര്‍മികതയുടെ ഒരു പ്രശ്നവും അദ്ദേഹത്തിന്‍െറ പിന്തുണയില്‍ ഇല്ല.
കുതിരക്കച്ചവടത്തിന് ആരാണ് ശ്രമിച്ചതെന്ന പരാതി എസ്.പിയുടെ മുമ്പാകെയുണ്ട്. രാഗേഷിനെ എതിര്‍ക്കാന്‍ സുധാകരന് എന്താണ് അവകാശം. കെ.എസ്.യുവിലെ ആദ്യത്തെ റെബലായാണ് സുധാകരന്‍ ബ്രണ്ണന്‍ കോളജ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.എസ്.യുക്കാരനായ മമ്പറം ദിവാകരനെതിരെ മത്സരിച്ചത്. എസ്.എഫ്.ഐയുടെ എ.കെ. ബാലനാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് സുധാകരന്‍ ജനത പാര്‍ട്ടിക്കാരനുമായി. ഞങ്ങള്‍ക്കൊപ്പം സി.പി.എം ഓഫിസിലിരുന്ന് അദ്ദേഹം ചായ കുടിച്ചിട്ടുണ്ട്. അങ്ങനെ പല വേഷവും കെട്ടിയ സുധാകരന് രാഗേഷിനെ കുറ്റപ്പെടുത്താന്‍ അവകാശമില്ല.
വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട ആസൂത്രണമാണ് നവംബര്‍ 18, 19 തീയതികളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്‍െറ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്നത്. യാത്ര വിജയിപ്പിക്കാന്‍ ആര്‍.എസ്.എസ് ശാഖകള്‍ വഴി നിര്‍ദേശം കൊടുത്തിരിക്കുകയാണ്. കേരളത്തെ മതവര്‍ഗീയതയുടെ വിളനിലമാക്കാനാണ് ആര്‍.എസ്.എസ് ആശീര്‍വാദത്തോടെ നടക്കുന്ന സമത്വമുന്നേറ്റ യാത്രയെന്നും ജയരാജന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
