മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 ലേക്ക്; ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് കേരളം
text_fieldsകുമളി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 ലേക്ക് ഉയരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്‍െറ അളവ് മൂന്നിലൊന്നാക്കി കുറച്ചതുമാണ് ജലനിരപ്പ് അതിവേഗം ഉയരാനിടയാക്കിയത്. അണക്കെട്ടിന്‍െറ വൃഷ്ടിപ്രദേശത്ത് മഴയുടെ ശക്തി കുറവായിരുന്നെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 5108 ഘന അടിയാണ്. തമിഴ്നാട്ടിലും മഴ ശക്തമായിരുന്നതിനാല്‍ സെക്കന്‍ഡില്‍ 511 ഘന അടി ജലം മാത്രമാണ് കൊണ്ടുപോകുന്നത്. ശനിയാഴ്ച വൈകിട്ടത്തെ കണക്കുപ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയാണ്്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടില്‍ ജലനിരപ്പ് 136 ലേക്ക് ഉയരുന്നത് ഭീതിയോടെയാണ് സമീപവാസികള്‍ വീക്ഷിക്കുന്നത്. അണക്കെട്ടിന്‍െറ സമീപപ്രദേശമായ വണ്ടിപ്പെരിയാര്‍ വള്ളക്കടവ് മുതല്‍ ഉപ്പുതറ, ചപ്പാത്ത് വരെ ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോഴും തമിഴ്നാട് ജലനിരപ്പ് 142 ലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് തുടരുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 136 ല്‍ നിന്നും 142 ലേക്ക് ഉയര്‍ത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ 136 ന് മുമ്പ് കേരളം പതിവായി നല്‍കിയിരുന്ന സുരക്ഷാ മുന്നറിയിപ്പുകളോ സുരക്ഷാ ഒരുക്കങ്ങളോ നടത്തിയിട്ടില്ല. ഇതിനിടെ ജലനിരപ്പ് 136 ന് മുകളിലേക്ക് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി താഴ്ത്തിയിട്ടുള്ള സ്പില്‍വേയിലെ 13 ഷട്ടറുകളും ഉയര്‍ത്തി പ്രവര്‍ത്തിപ്പിച്ചുകാണിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജലം ഇടുക്കിയിലേക്ക് ഒഴുക്കിവിടേണ്ടത് സ്പില്‍വേ ഷട്ടറുകള്‍ വഴിയാണ്.
എന്നാല്‍,കേരളത്തിന്‍െറ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
