സംസ്ഥാനത്തെ ടെക്സ്റ്റൈല്‍ മില്ലുകള്‍ സ്തംഭനത്തിലേക്ക്
text_fieldsതൃശൂര്‍: കേരളത്തിലെ ടെക്സ്റ്റൈല്‍ മേഖലയിലെ കെ.എസ്.ടി.സി മില്ലുകളും സഹകരണമില്ലുകളും പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ നിശ്ചലാവസ്ഥയിലേക്ക്. പല മില്ലുകളും സ്തംഭനാവസ്ഥയിലാണെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.
അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ ഫണ്ടില്ലാത്തതിനാല്‍ പല മില്ലുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. തൊഴിലാളികള്‍ക്കുള്ള ഇ.എസ്.ഐ, പി.എഫ് എന്നിവ പല മില്ലുകളും അടക്കുന്നുമില്ല. ഗ്രാറ്റ്വിറ്റി കൊടുക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ് പല മില്ലുകളെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. മില്ലുകളെ കരകയറ്റാന്‍ യോജിച്ച പ്രക്ഷോഭത്തിന് ട്രേഡ്യൂനിയനുകള്‍ രംഗത്തുവരികയാണ്.
കാലാവധി കഴിഞ്ഞ കെ.എസ്.ടി.സി, സഹകരണമില്ലുകളിലെ വേതനകരാര്‍ പുതുക്കാനുള്ള ഐ.ആര്‍.സി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സര്‍ക്കാറും മില്‍ മാനേജ്മെന്‍റുകളും തയാറാകണമെന്ന് തൃശൂര്‍ സി.ഐ.ടി.യു ഹൗസില്‍ കൂടിയ ടെക്സ്റ്റൈല്‍ മില്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.
ടെക്സ്റ്റൈല്‍ മില്ലുകളില്‍ ഗുരുതര പ്രതിസന്ധിയുണ്ടായിട്ടും സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകുന്നില്ല. സംസ്ഥാനത്തെ ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ക്ഷാമബത്ത പുനര്‍നിര്‍ണയിക്കുന്നതിനുവേണ്ടി നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് ഒരു ഗുണവുമില്ലാത്ത നിലയിലാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.
അവശ്യവസ്തുക്കളുടെ യഥാര്‍ഥവിലയെ അടിസ്ഥാനമാക്കി ക്ഷാമബത്ത കണക്കാക്കുന്ന രീതിയല്ല സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തൊഴിലാളികളുടെ കൂലിയില്‍ വന്‍ ഇടിവാണ് വരുത്തിയിട്ടുള്ളത്. എന്‍.ടി.സി മില്ലുകളിലെ തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്‍കാമെന്ന മാനേജ്മെന്‍റ് വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. അതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ഓരോ മില്ലുകളും യോജിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ യോഗം തീരുമാനിച്ചു. ഫെഡറേഷന്‍ വൈസ്പ്രസിഡന്‍റ് എ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം. നന്ദകുമാര്‍, സെക്രട്ടറി കെ.എന്‍. ഗോപിനാഥന്‍, ട്രഷറര്‍ എം.ആര്‍. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.