Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണ്‍ലൈൻ...

ഓണ്‍ലൈൻ പെണ്‍വാണിഭത്തിനു പിന്നിൽ വൻ ശൃംഖല

text_fields
bookmark_border
ഓണ്‍ലൈൻ പെണ്‍വാണിഭത്തിനു പിന്നിൽ വൻ ശൃംഖല
cancel

കൊച്ചി: ചുംബന സമര നായകരായ രാഹുൽ പശുപാലനും രശ്മി ആർ നായരും ഉൾപ്പെട്ട  ഓണ്‍ലൈൻ പെണ്‍വാണിഭത്തിനു പിന്നിൽ വൻ ശൃംഖല ഉള്ളതായി സൂചന.  കേരളം, ബംഗളുരു, ഗൾഫ്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിന്റെ പിടിയിൽ നിരവധി പെണ്‍കുട്ടികൾ അകപ്പെട്ടതായാണ്‌ വിവരം. കൊച്ചിക്ക്‌ പുറമെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഓണ്‍ലൈൻ സെക്സ് റാക്കറ്റിന് വേരുള്ളതായാണ് സംശയിക്കുന്നത്. അന്താരാഷ്ട്ര ക്ലാസ്സിഫൈഡ് വെബ്സൈറ്റായ ലോക്കാന്റോയിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്നു പെണ്‍ വാണിഭ പരസ്യങ്ങൾ സ്ഥിരമായി വരുന്നുണ്ട്. ഈ സൈറ്റിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് നെടുമ്പാശ്ശേരിയിൽ സെക്സ്റാക്കറ്റിനെ ക്രൈം ബ്രാഞ്ച്  വലയിലാക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഐ ജി  എസ്  ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഓപ്പറേഷൻ ബിഗ്‌ഡാഡിയിൽ അറസ്റ്റ് ചെയ്യപ്പെട്ട  12 പേരിൽ മൂന്നു സ്ത്രീകളും 9 പുരുഷൻമാരുമാണ് ഉള്ളത് . പ്രായപൂർത്തി ആകാത്ത രണ്ടു പെണ്‍കുട്ടികളെയും രാഹുൽ-രശ്മി ദമ്പതികളുടെ ആറു വയസ്സുള്ള മകനെയും പൊലിസ് ചൈൽഡ് ലൈനിനെ ഏൽപിച്ചു . തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയിൽ കഴിയുന്ന രശ്മിയുടെ മകനെ കൊണ്ടു പോകാൻ അവരുടെ മാതാപിതാക്കൾ എത്തിയെങ്കിലും കോടതി വഴിക്കേ വിട്ടു തരാനാകൂ എന്നാണ് മറുപടി കിട്ടിയത്.  
ബംഗളുരുവിൽ നിന്ന് പ്രായ പൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു വന്നത് അറസ്റ്റിലായ ലിൻഷി മാത്യു ആണ്. ഇവർ കോട്ടയം സ്വദേശിനിയാണ്. ഏറണാകുളം സ്വദേശിയായ അച്ചായൻ എന്ന് അറിയപ്പെടുന്ന ജോഷി കേസിൽ പിടി കിട്ടാനുള്ള പ്രധാന കണ്ണിയാണ്. ഇയാൾ ബംഗളുരുവിൽ റിക്രൂട്ടിംഗ് ഏജൻസി നടത്തുകയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലേക്ക് ആളെ എടുക്കുന്നു എന്ന് പറഞ്ഞാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. പക്ഷെ വ്യഭിചാരത്തിലേക്കാണ് പെണ്‍കുട്ടികൾ നയിക്കപ്പെടുന്നത്‌.

ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയാണ്‌ തന്നെ ആദ്യം പീഡിപ്പിച്ചതെന്നു പെണ്‍കുട്ടികളിൽ ഒരാൾ പൊലിസിനോട് പറഞ്ഞു.പീഡനം വീഡിയോയിൽ പകർത്തി അതുപയോഗിച്ചു ബ്ലാക്ക്‌ മെയിൽ ചെയ്താണ് പിന്നീടു കൊണ്ടു പോകുന്നത്.  ഇവരെ വിമാന മാർഗമാണ് കൊച്ചിയിൽ കൊണ്ടു വരുന്നത്.

ഫേസ്ബുക്കിൽ കൊച്ചു സുന്ദരികൾ , ഹോട്ട് ലിറ്റിൽ എയ്ഞ്ചൽ  എന്നീ പേരുകളിൽ ഓണ്‍ലൈൻ പെണ്‍വാണിഭത്തിന്റെ സൂചനകൾ നൽകുന്ന പേജുകൾ കണ്ട് തിരുവനന്തപുരത്തെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് ബിൻസിയും ഭർത്താവ് ജൽജിത്തും സൈബർ സെല്ലിനെ സമീപിച്ചതാണ് അന്വേഷണത്തിന്റെ തുടക്കം. സൈബർ സെൽ ഫേസ്ബുക്ക് അധികൃതർക്ക് എഴുതിയപ്പോൾ പ്രൈവസിയുടെ പേരിൽ വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചു. ബാലപീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറിയിച്ചപ്പോൾ അക്കൗണ്ട്‌ നീക്കം ചെയ്യാൻ ഫേസ്ബുക്ക് തയ്യാറായി. ഗൾഫിൽ ഉള്ളവരാണ് ഇതിനു പിന്നിലെന്നും  അധികാര പരിധിക്ക് പുറത്താണെന്നും സൈബർസെൽ ബിൻസിക്കു മറുപടി നൽകി. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മർ ആണ് കൊച്ചു സുന്ദരികൾക്ക് പിന്നിലെന്ന് കണ്ടെത്തി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തു. ഉമ്മറിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിലാണ് കാസർകോഡ് സ്വദേശി അബ്ദുൽഖാദർ എന്ന അക്ബർ വലയിലായത്.
ചുംബനസമരത്തിന്റെ തൊട്ടു പിന്നാലെ രാഹുൽപശുപാലനും ഭാര്യ രശ്മിയും ഓണ്‍ലൈൻ പെണ്‍വാണിഭത്തിൽ  കണ്ണി ചേർക്കപ്പെട്ടിരുന്നു. കിസ്സ്‌ ഓഫ് ലവ് എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയത് രശ്മി ആയിരുന്നു. 2014 ഒക്ടോബർ 25 നായിരുന്നു അത്. പത്തനാപുരം സ്വദേശിനിയായ രശ്മി എഞ്ചിനീയറിംഗ് ബിരുദധാരിയാണ് . 2006 ലാണ് പശുപാലനെ വിവാഹം കഴിക്കുന്നത്‌. ഫേസ്ബുക്കിൽ രശ്മി ആർ നായർ എന്ന പേരിലും രശ്മി രാധാ രാമചന്ദ്രൻ എന്ന പേരിലും ഇവർക്ക് പേജുകൾ ഉണ്ടായിരുന്നു. 2014 നവംബർ 2 നു കൊച്ചി മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തോടെ ഇവരുടെ പ്രശസ്തി വർധിച്ചു . ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ഇരുവരും ഹീറോകളായി. സോഷ്യൽ മീഡിയ അവരെ പ്രകീർത്തിച്ചു . ഈ പ്രശസ്തി മോഡലിംഗിനു പ്രയോജനപ്പെടുത്താനും അതു വഴി പണം ഉണ്ടാക്കാനും രശ്മി ഉപയോഗിച്ചു . സ്വന്തം നഗ്നചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് അവർ ആരാധകരുടെ എണ്ണം കൂട്ടി.എന്റെ ശരീരം എന്റെ അവകാശം ആണെന്ന് ഫേസ്ബുക്കിൽ എഴുതുകയും ചെയ്തു.  സോഷ്യൽ മീഡിയയെ സ്വന്തം മാർക്കറ്റിങ്ങിനു ഉപയോഗിച്ചപ്പോൾ മോഡലിങ്ങിൽ അവസരം വർധിച്ചു . ഇതിനിടയിലാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ ഓണ്‍ലൈൻ പെണ്‍ വാണിഭത്തിൽ കണ്ണി ചേർന്നത്‌. കേസിലെ ഒന്നാം പ്രതി അക്ബർ ഉപഭോക്താക്കളായി ചമഞ്ഞ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർക്ക്  അയച്ചു കൊടുത്ത  ആദ്യ ചിത്രം രശ്മിയുടെതായിരുന്നു. കൂടുതൽ പേരെ വേണമെന്ന് പറഞ്ഞപ്പോൾ രശ്മി വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്ത പെണ്‍കുട്ടികളുടെ ചിത്രമാണ്‌ ഫോർവേഡ് ചെയ്തു കൊടുത്തത്.

മൊബൈൽ സംഭാഷണങ്ങളും വാട്ട്സ്ആപ്പ് ചാറ്റിങ്ങും രശ്മി നടത്തിയിരുന്നത് കോഡ്‌ ഭാഷ ഉപയോഗിച്ചായിരുന്നു. ആർ പ്ലസ്‌ എന്നായിരുന്നു അവരുടെ പേര്. അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് രശ്മിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കളുള്ള ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി . രശ്മിയുടെ താൽപര്യത്തിൽ പുറത്തു നിന്നാരോ ഇതു ചെയ്തതാണെന്ന് കരുതുന്നു. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ യുവ നേതാക്കളുമായി അടുത്ത സൗഹൃദം പുലർത്തുന്ന പശുപാലന്റെയും രശ്മിയുടെയും അറസ്റ്റ് അവരെയെല്ലാം  ഞെട്ടിച്ചിരിക്കുകയാണ്. മുഖം രക്ഷിക്കാൻ പലരും പാടുപെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online sex racket
Next Story