കണ്ണൂർ കോർപറേഷൻ എൽ.ഡി.എഫിന്
text_fieldsകണ്ണൂർ: കോൺഗ്രസ് വിമത സ്ഥാനാർഥിയുടെ പിന്തുണയിൽ കണ്ണൂർ കോർപറേഷൻ എൽ.ഡി.എഫിന്. അനിശ്ചിതത്തിന് വിരാമമിട്ട് വിമതനായി വിജയിച്ച പി.കെ രാഗേഷ് എൽ.ഡി.എഫിന് വോട്ടുചെയ്തു. ഇ.പി ലതയാണ് മേയർ. 28 വോട്ടുകളാണ് ലതക്ക് ലഭിച്ചത്. എൽ.ഡി.എഫിന് വോട്ട് ചെയ്ത പി.കെ രാഗേഷിന് നന്ദി പറയുന്നുവെന്ന് വോട്ടിങ്ങിന് ശേഷം ലത മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ മേയർ സ്ഥാനാർഥി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ മാറ്റിയാൽ യു.ഡി.എഫിന് വോട്ടുചെയ്യുമെന്ന് പി.കെ രാഗേഷ് പറഞ്ഞിരുന്നു. തന്‍റെ 9 ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ എൽ.ഡി.എഫിന് വോട്ട് ചെയ്യുമെന്നും രാഗേഷ് പറഞ്ഞിരുന്നു.
ഉച്ചക്ക് ശേഷം നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ രാഗേഷിനെ പിന്തുണക്കുമെന്ന് സി.പി.എം അറിയിച്ചു. രാഗേഷ് തയാറെങ്കിൽ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ പ്രതികരിച്ചു. അതേസമയം, കോൺഗ്രസിന്‍റെ പരാജയത്തെ കുറിച്ച് നാളെ പ്രതികരിക്കാമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പറഞ്ഞു.
55 അംഗങ്ങളുള്ള പ്രഥമ കണ്ണൂർ കോർപറേഷനിൽ 27 വീതം സീറ്റുകളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ഉള്ളത്. കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ രാഗേഷിന്‍റെ വോട്ട് നിർണായകമായിരുന്നു.
മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി കെ.സി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രാഗേഷിനെ യു.ഡി.എഫിന്‍റെ പക്ഷത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും രാഗേഷ് ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ വിസമ്മതിക്കുകയായിരുന്നു.
ഇ.പി.ലത ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകയും ബാലസംഘത്തിന്‍റെ രക്ഷാധികാരിയുമാണ്. അവിവാഹിതയായ ഇവർ എം.ബി.എ ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
