വൃശ്ചിക പുലരിയിൽ നിർമാല്യം തൊഴാൻ ശബരിമലയിൽ വൻ തിരക്ക്
text_fieldsശബരിമല: വൃശ്ചിക പുലരിയിലെ നിർമാല്യം തൊഴാൻ ശബരിമലയിൽ ആദ്യദിനം തന്നെ ഭക്തരുടെ വൻ തിരക്ക്. ഒരു ദിവസത്തോളം പമ്പാ ഗണപതിക്ഷേത്രത്തിലെ നടപ്പന്തലിൽ കാത്തിരുന്ന് സന്നിധാനത്ത് എത്തിയ പതിനായിരങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം ദർശനം കഴിഞ്ഞ് മടങ്ങിയില്ല. ഇവരെ കൂടാതെ ചൊവ്വാഴ്ച പുലർച്ചെ എത്തിയവരും ചേർന്ന് ആദ്യംദിനം തന്നെ വൻ തിരക്കിലായി. പുതിയ മേൽശാന്തിയുടെ കാർമികത്വത്തിൽ നടന്ന നിർമാല്യപൂജ കണ്ടുതൊഴാൻ എല്ലാവരും തിരക്ക് കൂട്ടിയപ്പോൾ ഭക്തരെ നിയന്ത്രിക്കാൻ പൊലീസുകാരും മറ്റ് സുരക്ഷാ ജീവനക്കാരും നന്നേ പണിപ്പെട്ടു. നെയ്യഭിഷേകവും ഉഷപൂജയും ഉച്ചപൂജയും തൊഴാൻ ഒട്ടേറെ പ്രമുഖരും ഉണ്ടായിരുന്നു.
ഭക്തർക്കുവേണ്ട അടിസ്ഥാന സൗകര്യം തിരക്കിട്ട് നടപ്പാക്കിവരികയാണ് ഓരോ ഡിപാർട്മെൻറുകളും. ശരണപാതയിൽ ബയോ ടോയ്ലറ്റുകൾ പലതും നിർമാണം പൂർത്തിയാകാൻ ഒന്നു രണ്ടു ദിവസം കൂടിയെടുക്കും. പുതുതായി നിർമിച്ച ക്യൂ കോംപ്ലക്സുകൾ ഇതുവരെയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. ക്യൂ കോംപ്ലക്സിലേക്കുള്ള വഴി മഴ പെയ്ത് ചളിനിറഞ്ഞ് കിടക്കുകയാണ്. എന്നാൽ, ക്യൂ കോംപ്ലക്സിൽ എല്ലാനിർമാണ പ്രവൃത്തിയും പൂർത്തിയായി. വിശാലമായ ആറ് ക്യൂ കോംപ്ലക്സ് ഭക്തർക്ക് ഏറെ ആശ്വാസകരമായിരിക്കും.
ചൊവ്വാഴ്ച രാവിലെ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചതോടെ മാലിന്യം നീക്കം ചെയ്തുതുടങ്ങി. നൂറുകണക്കിന് വളൻറിയർമാരാണ് സദാസമയവും ജാഗരൂഗരായി മാലിന്യം നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. ഹൈകോടതി വിധി അനുകൂലമായതോടെ അന്നദാനം കൂടുതൽ സജീവമായി. മൂന്നു സംഘടനകൾക്കുകൂടി ദേവസ്വം ബോർഡിനെ കൂടാതെ അന്നദാനത്തിന് അനുമതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
