ഒാൺലൈൻ പെൺവാണിഭം: ചുംബന സമര സംഘാടകരടക്കം 15 പേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കുട്ടികളെ അടക്കം ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാത്രി നടന്ന റെയ്ഡിൽ ഒാൺലൈൻ പെൺവാണിഭ സംഘത്തിലെ 15 പേർ കസ്റ്റഡിയിലായി. പ്രധാന ഏജൻറും കാസർകോട് സ്വദേശിയുമായ അക്ബർ, ചുംബന സമരത്തിന്‍റെ സംഘാടകരും ദമ്പതികളുമായ രാഹുൽ പശുപാലനും രശ്മി ആർ. നായരും അടക്കമുള്ളവർ പിടിയിലായവരിൽ ഉൾപ്പെടും. ഒാപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിൽ നടത്തിയ റെയ്ഡിൽ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഒാൺലൈൻ പെൺവാണിഭ മാഫിയയെ കുടുക്കിയത്.
കുട്ടികളെകുറിച്ച് ലൈംഗിക പരാമർശം നടത്തുന്ന പോസ്റ്റുകൾ പ്രചരിച്ച കൊച്ചുസുന്ദരികൾ എന്ന ഫേസ്ബുക് പേജിൽ പോസ്റ്റുകളും കമൻറുകളും ഇടുന്നവർ ഏറെകാലമായി സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തിൽ ഈ ഗ്രൂപ്പിലുള്ളവർ ഒാൺലൈൻ പെൺവാണിഭം നടത്തുന്നതായി കണ്ടെത്തി. ഇടപാടുകാരെന്ന വ്യാജേനെ പൊലീസ് നടത്തിയ നീക്കമാണ് സംഘത്തെ കുടുക്കിയത്. പിടിയിലായവരിൽ മൂന്ന് അന്യ സംസ്ഥാന യുവതികളും ഉണ്ട്.
ഫേസ്ബുക്ക് വഴി പെൺകുട്ടികളെ വ്യക്തിഹത്യ ചെയ്ത കുറ്റത്തിനും പിടിയിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തതിനാൽ മുഴുവൻ പ്രതികളെയും തലസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. കൊച്ചിയിൽ രണ്ട് സ്ത്രീകളുമായി എത്തിയ പെൺവാണിഭ മാഫിയ, പൊലീസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതിയുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തെന്നും കാറിന്‍റെ നമ്പർ ലഭിച്ചതിനാൽ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
