വി.കെ.സി മമ്മദ് കോയ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍
text_fieldsകോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി വി.കെ.സി മമ്മദ് കോയ ചുമതലയേല്‍ക്കും. സിപിഎമ്മിലെ മീരാ ദർശകാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്ക് ബാബു പറശ്ശേരിയെയും വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.ഐയിലെ റീനാ മുണ്ടേങ്ങാടിനെയും തീരുമാനിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പുതിയ കോര്‍പറേഷന്‍ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും നാളെയാണ് തെരഞ്ഞെടുക്കുന്നത്.
മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയുടെ പേരാണ് മേയര്‍ സ്ഥാനത്തേക്ക് കൂടുതലും ഉയര്‍ന്നു വന്നത്. 1979ല്‍ ചെറുവണ്ണൂര്‍ -നല്ലളം പഞ്ചായത്ത് പ്രസിഡന്‍റ്, 1990ല്‍ ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ അലങ്കരിച്ച ഈ 75കാരന്‍ അരീക്കാട് നിന്നാണ് കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വി.കെ.സി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.
ബാബു പറശ്ശേരി ഒളവണ്ണ മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റാണ്.
