ശബരിമല നടതുറന്നു
text_fieldsശബരിമല: അയ്യപ്പെൻറ പൂങ്കാവനത്തിന് ചുറ്റും മഴമേഘങ്ങൾ പെയ്യാതെ തങ്ങിനിന്ന അന്തരീക്ഷത്തിൽ മണ്ഡലമാസ പൂജകൾക്കായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് മേൽശാന്തി പടിയിറങ്ങി താഴെയെത്തി ആഴിയിൽ ദീപം ജ്വലിപ്പിച്ചശേഷം താഴെ കാത്തുനിന്ന പുതിയ മേൽശാന്തി ഇ.എസ്. ശങ്കരൻ നമ്പൂതിരിയെ കൈപിടിച്ച് പതിനെട്ടാംപടി കയറ്റി തിരുനടയിൽ എത്തിച്ചു. ഒപ്പം മാളികപ്പുറം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് കാത്തുനിന്ന ഭക്തർക്ക് പ്രവേശിക്കാനായത്.
ഇതോടെ ശരണം വിളികൾ ക്ഷേത്രത്തിനുചുറ്റും മുഴങ്ങി. ചാറ്റൽ മഴയുടെ അകമ്പടിയിൽ പിന്നീട് ഭക്തരുടെ ഘോഷയാത്രയായിരുന്നു. വൈകീട്ട് ആറിന് പുതിയ ശബരിമല മേൽശാന്തിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സോപാനത്തിരുത്തി ഒറ്റക്കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തി അവരോധ ചടങ്ങ് നടന്നത്. കലശം ആടിയശേഷം ശ്രീകോവിലിനുള്ളിലേക്ക് മേൽശാന്തിയെ തന്ത്രി കൈപിടിച്ച് ആനയിച്ച് അയ്യപ്പെൻറ മൂലമന്ത്രം കാതിൽ ഓതി നൽകി. ഇതോടെ മേൽശാന്തി അവരോധ ചടങ്ങ് പൂർത്തിയായി. വൃശ്ചികപ്പുലരി മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
