വിപുല സംവിധാനങ്ങളുമായി കെ.എസ്.ആർ.ടി.സിയും റെയിൽവേയും
text_fieldsകോട്ടയം: ശബരിമല തീർഥാടനം സുഗമമാക്കാൻ വിപുല സംവിധാനങ്ങളുമായി കെ.എസ്.ആർ.ടി.സിയും റെയിൽവേയും. നിലക്കൽ–പമ്പ ചെയിനടക്കം സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നായി കെ.എസ്.ആർ.ടി.സി ആദ്യഘട്ടത്തിൽ 180 ബസുകളും തിരക്ക് വർധിക്കുന്നതനുസരിച്ച് 250–300 ബസുകളും രണ്ടാംഘട്ടത്തിൽ മൊത്തം 800 ബസുകളും സർവിസിന് തയാറാക്കിയതായി മാനേജിങ് ഡയറക്ടർ ആൻറണി ചാക്കോ ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലക്കൽ–പമ്പ ചെയിനിനായി 80 ബസുകൾ പമ്പയിൽ എത്തിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ കൂടുതലായി എത്തുന്ന കോട്ടയത്ത് 25ഉം ചെങ്ങന്നൂരിൽ അമ്പതും തിരുവല്ല, എരുമേലി, എറണാകുളം, കുമളി, ഗുരുവായൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പത്തുവീതവും ബസുകൾ സ്പെഷൽ സർവിസിനായി അനുവദിച്ചിട്ടുണ്ട്.
കൂടാതെ ഓച്ചിറ–കൊട്ടാരക്കര ക്ഷേത്രം, കോട്ടയം തിരുനക്കര ക്ഷേത്രം–ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം–തിരുവല്ല–എറണാകുളം റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും പ്രത്യേക സർവിസിന് അനുമതി നൽകിയിട്ടുണ്ട്. കോട്ടയം ഭാഗത്തുനിന്നുള്ള സർവിസുകളെല്ലാം എരുമേലി വഴിയാണ് നടത്തുക. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പ്രധാന സ്റ്റേഷനുകളിലെല്ലാം വിരിവെക്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം.ഡി അറിയിച്ചു. ഏറ്റവും പുതിയതും രണ്ടു വർഷംവരെ പഴക്കമുള്ളതുമായ ബസുകളാണ് സർവിസിന് തയാറാക്കിയിട്ടുള്ളത്.
ബംഗളൂരുവിൽനിന്ന് ഡീലക്സ്–സൂപ്പർ എക്സ്പ്രസ് സർവിസുകളും കെ.എസ്.ആർ.സി ആരംഭിച്ചു. തമിഴ്നാട്–കർണാടക–ആന്ധ ആർ.ടി.സികൾക്കും പമ്പ സർവിസിന് അനുമതി നൽകിയിട്ടുണ്ട്.
കൂടാതെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 294 സ്പെഷൽ ട്രെയിനുകളാണ് സർവിസ് നടത്തുക. ജനുവരി 17വരെ സർവിസ് തുടരും. ചെന്നൈയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് പ്രത്യേക ട്രെയിനുകളിൽ ഏറെയും സർവിസ് നടത്തുക.ചെങ്ങന്നൂർ–തിരുവല്ല സ്റ്റേഷനുകളിൽ 15ട്രെയിനുകൾക്ക് ജനുവരി 17വരെ പ്രത്യേക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. കൂടാതെ തീർഥാടകരുടെ തിരക്കനുസരിച്ച് പ്രധാന ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ഗരീബ്രഥ്, ദിബ്രുഗഡ്–കന്യാകുമാരി, ജനശതാബ്ദി, ചെന്നൈ–തിരുവനന്തപുരം, ഡൽഹി–നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്കാണ് തിരുവല്ലയിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിച്ചത്. ചെങ്ങന്നൂരിലും കോട്ടയത്തും കൂടുതൽ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
