ബോട്ടപകടം: ജോയിക്കായി തെരച്ചില്‍ ഊര്‍ജിതം
text_fields
ബേപ്പൂര്‍: മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോയിനായുള്ള (52) തിരച്ചില്‍ തിങ്കളാഴ്ച വീണ്ടും ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകീട്ടോടെ ബോട്ടിലുണ്ടായിരുന്ന ബിനോയുടെ മൃതദേഹം കിട്ടിയതോടെ കാര്‍വാറിനു സമീപത്തുതന്നെ കോസ്റ്റ്ഗാര്ഡിന്െറയും മറ്റു മത്സ്യബന്ധന ബോട്ടുകളുടെയും സഹകരണത്തോടെയുള്ള തിരച്ചിലാണ് തിങ്കളാഴ്ച രാത്രിവരെ നടത്തിയത്. പൊതുവില്‍ കോസ്റ്റ്ഗാര്‍ഡ് 72 മണിക്കൂറാണ് തിരച്ചിലിനായി കപ്പല്‍ വിട്ടുനല്കാറ്. എന്നാല്‍, ഞായറാഴ്ച ബിനോയുടെ മൃതദേഹം കിട്ടിയതോടെ വീണ്ടും കടലില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ്. മത്സ്യത്തൊഴിലാളികളെ കാര്‍വാര്‍ ഭാഗത്തെ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ ബേപ്പൂരിലെതന്നെ മത്സ്യബന്ധന ബോട്ടായ ‘സംസമി’ലെ തൊഴിലാളികള്‍ക്കാണ് ഞായറാഴ്ച കടലില്‍നിന്ന് ബിനോയുടെ മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച സ്വദേശമായ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18 അംഗ സംഘം ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനു പോയത്. ഇവരുടെ ഓഷ്യന്‍ പ്രൈഡ് എന്ന ബോട്ടാണ് കാര്‍വാറിനു സമീപത്തുവെച്ച് കടല്‍ച്ചുഴിയില്‍ തകര്‍ന്നത്. ഇതില്‍ 16 പേര് നീന്തിരക്ഷപ്പെട്ടിരുന്നു. രണ്ടുപേരെയാണ് കണാതായത്. ഇതില്‍ കന്യാകുമാരി സ്വദേശിയുടെ മൃതദേഹമാണ് കിട്ടിയത്.