യുവാക്കളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രധാന പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു
text_fieldsചേര്‍ത്തല: ഒറ്റമശ്ശേരിയില്‍ രണ്ട് യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അന്ധകാരനഴി സ്വദേശികളായ താലീഷ്, സഹോദരന്‍ പോള്‍സണ്‍ എന്നിവരെയും ചേര്‍ത്തല സ്വദേശികളായ അജീഷ്, വിജീഷ് എന്നിവരെയുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പിടികിട്ടാനുള്ളത്. കൊലപാതകം നടന്ന സമയത്ത് ലോറിയിലുണ്ടായിരുന്നവരാണ് ഇവര്‍. സംഭവശേഷം ലോറി പൊലീസിന്‍െറ പിടിയിലാകുമ്പോള്‍ ഇവര്‍ രക്ഷപ്പെട്ടിരുന്നു.
13ന് വൈകുന്നേരമാണ് തീരദേശ പാതയില്‍ ഒറ്റമശ്ശേരിയില്‍ ബൈക്കിനു പിന്നില്‍ ലോറിയിടിപ്പിച്ച് അന്ധകാരനഴി കാട്ടുങ്കല്‍ തയ്യില്‍ യോഹന്നാന്‍െറ മകന്‍ ജോണ്‍സണ്‍ (40), കളത്തില്‍ പാപ്പച്ചന്‍െറ മകന്‍ സുബിന്‍ (27) എന്നിവര്‍ മരിച്ചത്. ആദ്യം അപകടമെന്ന് കരുതിയിരുന്ന സംഭവമാണ് പിന്നീട് ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞത്. ലോറി ഡ്രൈവര്‍ ഷിബുവിനെ സംഭവശേഷം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇയാളുടെ അറസ്റ്റ് ഞായറാഴ്ച പൊലീസ് രേഖപ്പെടുത്തി. സംഭവശേഷം ഒളിവില്‍ പോയ നാല്‍വര്‍ സംഘം അരൂക്കുറ്റിയില്‍ എത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതികളുടെ ചിത്രം പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അതിനിടെ, മന്ത്രി രമേശ് ചെന്നിത്തല, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എം.പി, പി. തിലോത്തമന്‍ എം.എല്‍.എ തുടങ്ങിയവര്‍ കൊല്ലപ്പെട്ട ജോണ്‍സന്‍െറയും സുബിന്‍െറയും വീടുകള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പൊലീസാണ് ഒന്നാം പ്രതിയെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ ഡിവൈ.എസ്.പിയെ സസ്പെന്‍ഡ് ചെയ്യണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത് വലിയ വീഴ്ചയാണ്. വേണ്ടവിധം അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുവേണ്ട സാമ്പത്തിക സഹായം സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകത്തില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കാട്ടി പി. തിലോത്തമന്‍ എം.എല്‍.എ മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി. മരിച്ച രണ്ടുപേരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അദ്ദേഹം നിവേദനം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
