Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ വിദ്യാഭ്യാസനയം:...

ദേശീയ വിദ്യാഭ്യാസനയം: അടിമുടി മാറ്റത്തിന്‍റെ ആവശ്യകത നിരാകരിച്ച് കേരളം

text_fields
bookmark_border
ദേശീയ വിദ്യാഭ്യാസനയം: അടിമുടി മാറ്റത്തിന്‍റെ ആവശ്യകത നിരാകരിച്ച് കേരളം
cancel

തിരുവനന്തപുരം: വിവാദ ചോദ്യങ്ങളിൽ മൗനം പാലിച്ചും അടിമുടി മാറ്റത്തിെൻറ സാധ്യത നിരാകരിച്ചും ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണത്തിൽ കേരളത്തിെൻറ പ്രതികരണം. വിദ്യാഭ്യാസ അവകാശ നിയമത്തിൽ (ആർ.ടി.ഇ)നിന്ന് ന്യൂനപക്ഷവത്കരണം ഒഴിവാക്കിയാൽ അനന്തരഫലങ്ങൾ എന്തെല്ലാം, ആദിവാസി മേഖലകളിൽ പരമ്പരാഗത നൈപുണി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ, വിദേശസഹകരണം പ്രാഥമിക വിദ്യാഭ്യാസത്തിെൻറ ഏതെല്ലാം മേഖലകളിൽ അനിവാര്യമാണ് തുടങ്ങിയ ചോദ്യാവലിക്കെതിരെയാണ് നേരത്തേ വിമർശം ഉയർന്നത്.
പ്രൈമറി തലത്തിലും പ്ലേ സ്കൂൾ തലത്തിലും കൂണുപോലെ സ്കൂളുകൾ മുളച്ചുവരാൻ കാരണമെന്തെന്ന ചർച്ചാ സൂചകത്തോടും കേരളം പ്രതികരിച്ചിട്ടില്ല. പ്രാഥമികതലം മുതൽ സംസ്ഥാനതലം വരെ ചർച്ച ചെയ്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൂടിയാലോചനാ റിപ്പോർട്ട് തയാറാക്കിയത്. സെപ്റ്റംബർ 29ന് തിരുവനന്തപുരത്ത് സീമാറ്റിൽ നടത്തിയ ശിൽപശാലയിലൂടെയാണ് 34 പേജ് വരുന്ന സംസ്ഥാനത്തിെൻറ റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് കേന്ദ്രമാനവശേഷി മന്ത്രാലയത്തിന് കൈമാറും.

ചർച്ചാ സൂചകങ്ങളായി മാനവശേഷി മന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ചുനൽകിയതാണ് ചോദ്യാവലികൾ. നിലവിലെ പാഠ്യക്രമത്തിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ടെന്ന പേരിലാണ് പുതിയ ദേശീയ വിദ്യാഭ്യാസനയ രൂപവത്കരണ ശ്രമങ്ങൾ. എന്നാൽ, കേന്ദ്രം നിർദേശിക്കുന്ന പരിഷ്കാരങ്ങളിൽ പലതും ഇതിനകം കേരളം നടപ്പാക്കിയതാണെന്ന മറുപടിയും റിപ്പോർട്ടിലുണ്ട്. ജനവാസമേഖലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ സെക്കൻഡറി സ്കൂളുകളും ഏഴ്–10 കിലോമീറ്ററിനകത്ത് സീനിയർ സെക്കൻഡറി സ്കൂളുകളും ഉറപ്പുവരുത്തണമെന്ന് കേരളം നിർദേശിക്കുന്നു. വിദ്യാർഥികളെ വിലയിരുത്താനുള്ള ശരിയായ മാതൃകയാണ് നിരന്തര, സമഗ്ര മൂല്യനിർണയ(സി.സി.ഇ)മെന്ന് അവകാശപ്പെടുന്ന കേരളം സി.സി.ഇയിൽ വിദ്യാർഥിയുടെ യഥാർഥ അറിവ് വിലയിരുത്താതെ പരമാവധി മാർക്ക് നൽകുന്ന പൊതുപ്രവണത നിലനിൽക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.   

സെക്കൻഡറി തലത്തിൽ വിദ്യാർഥികൾക്ക് അഭിരുചി പരീക്ഷ ആകാമെന്ന് കേരളം അഭിപ്രായപ്പെട്ടിട്ടുണ്ട്. അഭിരുചി വിലയിരുത്തിയായിരിക്കണം അധ്യാപന കോഴ്സുകളിലേക്കുള്ള പ്രവേശം നടത്തേണ്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത സമയത്തിനിടെ സ്കൂൾ വിദ്യാർഥികളിൽ രണ്ടുമുതൽ മൂന്നുതവണ വരെ പഠനനിലവാരം വിലയിരുത്തണം. വിദ്യാർഥികളുടെ നിരന്തര, സമഗ്ര മൂല്യനിർണയ രേഖകൾ കൃത്യമായി സൂക്ഷിക്കണം.
പ്രീ പ്രൈമറിതലം മുതൽ 12ാം തരം വരെ വിദ്യാർഥിയുടെ വിലയിരുത്തൽ രേഖകൾ സൂക്ഷിക്കണമെന്നും സ്കൂൾ മാറ്റം വാങ്ങുകയാണെങ്കിൽ വിടുതൽ സർട്ടിഫിക്കറ്റിനൊപ്പം ഈ രേഖകൾകൂടി കൈമാറണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.

മാർക്ക് രീതി അവസാനിപ്പിച്ച് ഗ്രേഡിങ് രീതി കൊണ്ടുവന്നതുവഴി ശരാശരിക്ക് മുകളിൽ നിൽക്കുന്ന വിദ്യാർഥികളിലെ പ്രചോദനം ഇല്ലായ്മ ചെയ്യപ്പെട്ടു. ഇത് മികച്ച വിദ്യാർഥികളെ നിരുത്സാഹപ്പെടുത്തുന്നതായി മാറി. എന്നാൽ, വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരബുദ്ധിക്ക് അന്ത്യം കുറിക്കാൻ ഗ്രേഡിങ് രീതി സഹായിച്ചെന്ന് പഠനങ്ങളിൽ തെളിഞ്ഞതായും സംസ്ഥാന റിപ്പോർട്ടിൽ പറയുന്നു. ഗ്രേഡിങ് രീതി കുട്ടികളിലെയും രക്ഷിതാക്കളിലെയും മാനസിക പിരിമുറുക്കവും ആയാസവും കുറക്കാൻ കാരണമായി. വിദ്യാർഥിയുടെ സമ്പൂർണ വിലയിരുത്തലിന് ശരിയായ മാർഗമാണ് നിരന്തര, സമഗ്ര മൂല്യനിർണയം. വ്യവസായ, സേവന തൊഴിൽ മേഖലകളിലെ തൊഴിൽ വൈദഗ്ധ്യം ആണ് കേരളത്തിെൻറ സമ്പദ്ഘടന ആവശ്യപ്പെടുന്നത്. കാർഷിക, ടൂറിസം, സോഫ്റ്റ്വെയർ തൊഴിൽ തുടങ്ങിയ മേഖലകളിലെ തൊഴിൽ നൈപുണി വികസനം കേരളത്തിൽ പരിഗണനാർഹമാണ്. ടെലികോം, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, റീട്ടെയിൽ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ, അക്കൗണ്ടിങ് ആൻഡ് ബാങ്കിങ് തുടങ്ങിയ മേഖലകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണം.

സ്കൂളുകളിൽ ഒന്നിൽക്കൂടുതൽ ഭാഷകൾ പഠിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാട്. മാതൃഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും ഐച്ഛികമായി അറബി, സംസ്കൃതം, ഉർദു ഭാഷകളുടെ പഠനവും ആകാം. അധ്യാപകരുടെ പ്രകടനം നിശ്ചിത സമയങ്ങളിൽ വിലയിരുത്തുകയും മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുകയും ചെയ്യണം. ഉയർന്ന യോഗ്യത നേടുന്ന അധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education policy
Next Story