വടകര എൻ.ഡി.പി.എസ് കോടതിയിൽ കേസുകൾ കുന്നുകൂടുന്നു
text_fieldsവടകര: രാസപരിശോധനാ ഫലം ലഭിക്കാത്തതിനാൽ വടകര എൻ.ഡി.പി.എസ് (നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) കോടതിയിൽ നൂറുകണക്കിന് കേസുകൾ തീർപ്പാക്കാതെ കിടക്കുന്നു. യഥാസമയം ശിക്ഷാനടപടികൾ പ്രഖ്യാപിക്കാത്തത് എക്സൈസിെൻറ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്.
വടകര എൻ.ഡി.പി.എസ് കോടതിക്ക് കീഴിൽ മലബാർ മേഖലയിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മയക്കുമരുന്ന് കേസുകളാണുള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം 90 അബ്കാരി കേസുകളും 36 മയക്കുമരുന്നു കേസുകളുമാണുള്ളത്. അഞ്ച് ജില്ലകളിൽ നിന്നുമായി പിടികൂടുന്ന മദ്യവും മയക്കുമരുന്ന് ഉൽപന്നങ്ങളും കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിലാണ് എത്തുന്നത്. എക്സൈസ് വകുപ്പിെൻറ കുറ്റകൃത്യങ്ങളിൽപ്പെട്ട 2,427 സാമ്പിളുകളും 1,558 കേസുകളും പരിശോധന പൂർത്തിയാവാതെ കിടക്കുകയാണ്. മറ്റുള്ള കുറ്റകൃത്യങ്ങളിലായി 3,831 കേസുകളും ഫലം കാക്കുകയാണ്.
റീജനൽ ലബോറട്ടറിയിലെത്തുന്ന സാമ്പിളുകളുടെ എണ്ണത്തിനനുസൃതമായി ജീവനക്കാരില്ലാത്തതാണ് പരിശോധനാ ഫലം വൈകാൻ കാരണമായി പറയുന്നത്. അഞ്ച് ജില്ലകളിൽ നിന്നെത്തുന്ന സാമ്പിളുകൾ പരിശോധനക്കായി നാലുപേർ മാത്രമാണ്. സൂപ്പർവൈസറി ഓഫിസറുടെ പോസ്റ്റിൽ ഒരുവർഷമായി ആളില്ല. രാസപരിശോധനാ ഫലം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ എക്സൈസ് വകുപ്പിൽ തുടരന്വേഷണം പോലും പ്രയാസത്തിലാണെന്ന് പറയുന്നു.
നൂറോളം കേസുകളാണ് എക്സൈസ് വകുപ്പ് മാസംതോറും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം 529 മയക്കുമരുന്നുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 590 കേസുകളായി. മയക്കുമരുന്നുകേസുകൾ വർധിച്ചിട്ടും പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്. എക്സൈസ് വകുപ്പിെൻറ കാര്യക്ഷമമായ പ്രവർത്തനം ലക്ഷ്യം വെച്ച് റീജനൽ ലബോറട്ടറിയിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയോ അതത് ജില്ലകളിൽ ലബോറട്ടറി സ്ഥാപിക്കുകയോ വേണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
