തിരുവനന്തപുരത്ത് മേയർ സ്ഥാനത്തേക്ക് കടുത്ത മത്സരത്തിന് സാധ്യത
text_fieldsതിരുവനന്തപുരം: കോർപറേഷൻ മേയർസ്ഥാനത്തേക്ക് അഡ്വ.വി.കെ. പ്രശാന്തിനെ മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കഴക്കൂട്ടം വാർഡിൽനിന്ന് 3272 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രശാന്തിനെ മേയർ സ്ഥാനാർഥിയാക്കാൻ വെള്ളിയാഴ്ച ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു. തുടർന്ന് ചേർന്ന ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് ഈ നിർദേശം ഐകകണ്ഠ്യേന അംഗീകരിച്ചു. സി.പി.എമ്മിലെ വി.കെ. മധു ജില്ലാ പഞ്ചായത്ത് പ്രസിഡൻറുസ്ഥാനത്തേക്കും ഷൈലജ വൈസ് പ്രസിഡൻറുസ്ഥാനത്തേക്കും മത്സരിക്കും. പാലോട് വാർഡിൽ മത്സരിച്ച വി.കെ. മധു 1983 വോട്ട് നേടിയാണ് വിജയിച്ചത്.
കോർപറേഷനിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ള കൗൺസിലിനെ കാര്യക്ഷമമായി നിയന്ത്രിക്കാൻ പ്രാപ്തനായയാളെ മേയർസ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചുള്ള സി.പി.എം തീരുമാനം വെള്ളിയാഴ്ചന്നെ എൽ.ഡി.എഫ് നേതാക്കളെ അറിയിച്ചു. 18നാണ് മേയർ തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കടുത്ത മത്സരത്തിന് സാധ്യതയുണ്ട്.
മേയർസ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യത്തിൽ യു.ഡി.എഫ് തീരുമാനവും വൈകാതെയുണ്ടാകും. നാലുതവണ തുടർച്ചയായി കൗൺസിലിൽ അംഗമായ ജോൺസൺ ജോസഫിനെ പരിഗണിക്കുമെന്നാണ് വിവരം. നാലാം തവണ കൗൺസിലിൽ അംഗമായ ജില്ലാ കമ്മിറ്റി അംഗം എസ്.പുഷ്പലത എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവാകാനും സാധ്യതയുണ്ട്. മേയർ സ്ഥാനത്തേക്ക് ബി.ജെ.പിയും മത്സരിക്കുന്നുണ്ട്. എന്നാൽ, ആരെ മത്സരിപ്പിക്കണമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുകയാണ്. ബി.ജെ.പി തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാകും. സംസ്ഥാന സമിതി അംഗം കരമന അജി, മൂന്നാം തവണ കൗൺസിലിൽ അംഗമായ എം.ആർ. ഗോപൻ എന്നിവരാണ് പരിഗണനാ പട്ടികയിൽ. സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ച് പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയുടെ നിലപാട് അറിഞ്ഞ ശേഷമേ സി.പി.എം തീരുമാനമെടുക്കാനിടയുള്ളൂ. അംഗബലം അനുസരിച്ച് മൂന്ന് സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക് ബി.ജെ.പി പ്രതിനിധികൾക്ക് മത്സരിക്കാം.
ധനകാര്യം ഉൾപ്പെടെ എട്ട് സ്ഥിരം സമിതികൾ രൂപവത്കരിക്കാനേ മുനിസിപ്പാലിറ്റി ചട്ടം അനുവദിക്കുന്നുള്ളൂ. ബി.ജെ.പിക്ക് മൂന്നും സി.പി.ഐക്കും കോൺഗ്രസിനും ഒന്ന് വീതവും ബാക്കിയുള്ളവ സി.പി.എം ഏറ്റെടുക്കാനുമാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.
അധ്യക്ഷസ്ഥാനങ്ങൾ ഏറ്റെടുത്താൽ ഫലത്തിൽ ഭരണത്തിൽ പങ്കാളിയായതുപോലെയാകും. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാൻ ഇത് തടസ്സമാകുമെന്ന് ബി.ജെ.പിയിൽ അഭിപ്രായമുണ്ട്. അതിനാൽ തിരുത്തൽ ശക്തിയായി നിലകൊള്ളണമെന്നാണ് ഒരുവിഭാഗത്തിെൻറ അഭിപ്രായം. എന്നാൽ, അർഹമായ സ്ഥാനം ഏറ്റെടുക്കണമെന്ന് മറ്റൊരുവിഭാഗം വാദിക്കുന്നുണ്ട്. വികസനം, ആരോഗ്യം, നഗരാസൂത്രണം, വിദ്യാഭ്യാസ കായിക സ്ഥിരം സമിതികൾ വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ബി.ജെ.പി പ്രതിനിധികൾ മത്സരിച്ചില്ലെങ്കിൽ സ്ഥിരം സമിതി അധ്യക്ഷസ്ഥാനങ്ങൾ നിശ്ചയിക്കൽ എൽ.ഡി.എഫിന് എളുപ്പമാകും. ഒരംഗം വീതമുള്ള കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്) പ്രതിനിധികൾക്ക് സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഭരണത്തിൽ പങ്കാളികളാക്കണമെന്ന് ഇരുകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
