ക്രിമിനല്‍ കേസുണ്ടെങ്കിലും പാസ്പോര്‍ട്ട് അനുവദിക്കാം–കോടതി
text_fieldsതാമരശ്ശേരി: ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് വിദേശയാത്രക്ക് പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് അനുമതി നല്‍കി കോടതി ഉത്തരവായി. ഫോറസ്റ്റ് കേസിലെ പ്രതിയായ മലപ്പുറം സ്വദേശി ഉമ്മര്‍കുട്ടി പാസ്പോര്‍ട്ട് നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നല്‍കിയ ഹരജി പരിഗണിച്ചാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ചന്ദനത്തടി കടത്തിയെന്നാരോപിച്ചാണ് താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ 2007ല്‍ ഉമ്മര്‍കുട്ടിക്കെതിരെ കേസെടുത്തത്. ഇതിനിടെ, പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി മലപ്പുറം റീജനല്‍ പാസ്പോര്‍ട്ട് അധികൃതരെ സമീപിച്ചെങ്കിലും ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ വിസമ്മതിച്ചു. തുടര്‍ന്ന് തനിക്ക് ഉംറ അനുഷ്ഠിക്കുന്നതിന് സൗദിയില്‍ പോകാന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് അനുമതി തരണമെന്ന് അപേക്ഷിച്ച് ഉമ്മര്‍കുട്ടി കോടതിയില്‍ ഹരജി നല്‍കി.
പാസ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതി ഒളിവില്‍ പോവാനിടയുണ്ടെന്നു പറഞ്ഞ് പാസ്പോര്‍ട്ടിനുള്ള അനുമതി അപേക്ഷ ഫോറസ്റ്റ് കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, പ്രതിയുടെ അപേക്ഷ ഉപാധികളോടെ അനുവദിച്ച് കോടതി ഉത്തരവായി. രണ്ട് ആള്‍ജാമ്യവും 50,000 രൂപയുടെ ബോണ്ടും കെട്ടിവെക്കണം. പാസ്പോര്‍ട്ടിന്‍െറ കോപ്പി ഹാജരാക്കിയ ശേഷം കോടതി അനുമതിയോടെ മാത്രമേ വിദേശയാത്ര ചെയ്യാവൂ എന്നും വ്യവസ്ഥയുണ്ട്. പ്രതിക്കുവേണ്ടി അഡ്വ. കെ.പി. ഫിലിപ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
