ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഈടാക്കുന്ന തുക ഇന്നുമുതൽ ഇരട്ടിയാകും
text_fieldsതിരുവനന്തപുരം: ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും ഉറപ്പായ ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയും യാത്രക്കാർക്ക് ഇരുട്ടടി നൽകുന്ന റെയിൽവേ തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പുവരെ കാൻസൽ ചെയ്യുന്ന ടിക്കറ്റുക്കൾക്കേ ഇനി മുതൽ പണം തിരികെ ലഭിക്കൂ. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കി പകുതി തുക തിരികെ ലഭ്യമാക്കാനുള്ള സൗകര്യമാണ് യാത്രക്കാർക്ക്നഷ്ടപ്പെടുന്നത്. അതേസമയം, വെയിറ്റിങ് ലിസ്റ്റിലോ ആർ.എ.സിയിലോ ഉള്ള ടിക്കറ്റുകൾ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് റദ്ദാക്കാം.
റിസർവ് ചെയ്തതും അല്ലാത്തതുമായ എല്ലാ ക്ലാസുകൾക്കും നിലവിലെ കാൻസലേഷൻ, ക്ലർക്കേജ് നിരക്കിെൻറ ഇരട്ടി ഈടാക്കാനാണ് തീരുമാനം. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് രണ്ടാം ക്ലാസിലെ ഉറപ്പായ ടിക്കറ്റ് റദ്ദാക്കാൻ നേരത്തേ ഈടാക്കിയിരുന്ന 30 രൂപ 60 രൂപയായി ഉയരും. സ്ലീപ്പർ ടിക്കറ്റ് റദ്ദാക്കാൻ 60 രൂപ നൽകിയ സ്ഥാനത്ത് 120 രൂപയും മൂന്നാം ക്ലാസ് എ.സി ടിക്കറ്റുകൾ റദ്ദാക്കാൻ 90 രൂപ നൽകിയ സ്ഥാനത്ത് 180 രൂപയും നൽകണം. നേരത്തേ 100 രൂപയായിരുന്ന രണ്ടാം ക്ലാസ് എ.സി ടിക്കറ്റ് റദ്ദാക്കൽ നിരക്ക് 200 രൂപയായും ഫസ്റ്റ് ക്ലാസ് എ.സി ടിക്കറ്റ് റദ്ദാക്കൽ നിരക്ക് 120 രൂപയിൽനിന്ന് 240 രൂപയായും വർധിക്കും.
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ ഉറപ്പായ ടിക്കറ്റുകൾ റദ്ദാക്കിയാൽ 25 ശതമാനം റീഫണ്ട് നിരക്ക് ഈടാക്കും. നേരത്തേ ട്രെയിൻ പുറപ്പെടുന്നതിന് ആറു മണിക്കൂർ മുമ്പുവരെയാണ് 25 ശതമാനം ഈടാക്കിയിരുന്നത്. ഇനി മുതൽ 12 മുതൽ നാലു മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുമ്പോൾ നിരക്കിെൻറ പകുതി തുക റെയിൽവേ ഈടാക്കും. നേരത്തേ രണ്ടു മണിക്കൂർ മുമ്പ് വരെ റദ്ദാക്കുമ്പോഴാണ് 50 ശതമാനം തുക ഈടാക്കിയിരുന്നത്്. ട്രെയിൻ പുറപ്പെട്ട ശേഷവും ടിക്കറ്റ് റദ്ദാക്കി നിശ്ചിത തുക തിരികെ നൽകുന്ന രീതിയും ഇനി ഉണ്ടാകില്ല. ഇ–ടിക്കറ്റുകൾ ഇൻറർനെറ്റ് വഴി റദ്ദാക്കിയാൽ തുക അക്കൗണ്ടിലേക്ക് റീഫണ്ട് ആകും. ഒന്നിലധികം യാത്രക്കാർ ഉൾപ്പെടുന്ന ഫാമിലി, പാർട്ടി ടിക്കറ്റുകളിൽ ചിലർക്ക് ടിക്കറ്റ് ഉറപ്പാക്കുകയും മറ്റുള്ളവർക്ക് ആർ.എ.സി ആകുകയും ചെയ്താൽ ട്രെയിൻ പുറപ്പെടുന്നതിനു അര മണിക്കൂർ മുമ്പുവരെ ടിക്കറ്റ് പൂർണമായും റദ്ദാക്കി റീഫണ്ട് നിരക്ക് കഴിച്ചുള്ള തുക മടക്കി വാങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
