ഫറോഖ് മുനിസിപ്പാലിറ്റി 35ാം വാര്‍ഡിലെ റീപോളിങ്ങും ഫലപ്രഖ്യാപനവും ചോദ്യം ചെയ്ത് ഹരജി
text_fieldsകൊച്ചി: കോഴിക്കോട് ഫറോഖ് മുനിസിപ്പാലിറ്റി 35ാം വാര്‍ഡിലെ റീപോളിങ്ങും ഫലപ്രഖ്യാപനവും ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹരജി. റീ പോളിങ്ങില്‍ പരാജയപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അബ്ദുല്‍ റസാഖാണ് ഹരജി നല്‍കിയത്.
നവംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ എണ്ണാമെന്നിരിക്കെ അതിനുള്ള സാധ്യത പോലും ആരായാതെ റീപോളിങ് പ്രഖ്യാപിച്ചത് മുനിസിപ്പല്‍ നിയമത്തിന് വിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം. പോളിങ് ദിവസം 135 വോട്ട് രേഖപ്പെടുത്തിയശേഷം വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് മറ്റൊന്ന് ഉപയോഗിച്ച് തുടര്‍ന്നു. വോട്ടെണ്ണിയപ്പോള്‍ രണ്ടാമത് ഉപയോഗിച്ച യന്ത്രത്തിലേതാണ് ആദ്യം എണ്ണിയത്. കേടായ യന്ത്രം എണ്ണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
വോട്ടുകള്‍ എണ്ണാനാവില്ളെന്ന് വരണാധികാരി അറിയിച്ചെങ്കിലും യന്ത്ര നിര്‍മാതാക്കളുടെ സഹായമുണ്ടെങ്കില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് എണ്ണാന്‍ കഴിയുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍, ഇതിനുള്ള ശ്രമം നടത്താതെ വോട്ടെണ്ണാന്‍ കഴിയില്ളെന്ന് രേഖപ്പെടുത്തി രണ്ട് ദിവസത്തിനുശേഷം ഉപതെരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരി ഉത്തരവിടുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. രണ്ട് മുന്നണിയും ഒപ്പത്തിനൊപ്പമായിരുന്നതിനാല്‍ ഈ സീറ്റിലെ വിജയം നിര്‍ണായകമായിരുന്നു. ആദ്യ പോളിങ്ങില്‍ ആദ്യ യന്ത്രത്തിലെ വോട്ടെണ്ണിയപ്പോള്‍ 102 വോട്ട് പിടിച്ച യു.ഡി.എഫ് സ്വതന്ത്രന് റീപോളിങ്ങില്‍ ലഭിച്ചത് ആകെ അഞ്ച് വോട്ട് മാത്രമാണ്.
യു.ഡി.എഫാണ് സീറ്റില്‍ വിജയിച്ചത്. ആകെ സീറ്റ് നില വ്യക്തമായശേഷം നടത്തിയ തെരഞ്ഞെടുപ്പ് വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കുന്നതാണെന്നും ഇത് നിയമപരമല്ളെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഹരജിയില്‍ വിജയിച്ച സ്ഥാനാര്‍ഥിക്ക് അടിയന്തിര നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ചയാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.