രാജിവെക്കേണ്ടെന്ന് മാണിക്ക് നിയമോപദേശം
text_fieldsതിരുവനന്തപുരം: ബാർ കോഴ കേസിൽ ഹൈകോടതി പരാമർശത്തിന്‍റെ പേരിൽ രാജിവെക്കേണ്ടെന്ന് മന്ത്രി കെ.എം മാണിക്ക് നിയമോപദേശം. സുപ്രീംകോടതിയുടേത് അടക്കമുള്ള മുതിർന്ന അഭിഭാഷകരിൽ നിന്നാണ് മാണിക്ക് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിൽ രാജിവെക്കുന്നില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഹൈകോടതി പരാമർശം നീക്കികിട്ടാൻ മാണിക്ക് സുപ്രീംകോടതിയെയോ ഹൈകോടതിെയയോ സമീപിക്കാൻ സാധിക്കുമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധിക്കെതിരെ വിജിലൻസ് ഡയറക്ടറാണ് ഹൈകോടതിയെ സമീപിച്ചത്. വിജിലൻസ് ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും ഹൈകോടതി അംഗീകരിച്ചിട്ടുണ്ട്. അതിനാൽ മാണിക്ക് തനിക്കെതിരായ വ്യക്തിപരമായ പരമാർശങ്ങൾ നീക്കികിട്ടാൻ ഉയർന്ന കോടതികളെ സമീപിക്കാൻ സാധിക്കും. അതേസമയം, ജസ്റ്റിസ് കെമാൽപാഷയുടെ വിധിക്കെതിരെ ഹൈകോടതിയെ തന്നെ സമീപിക്കുന്നത് കൂടുതൽ വിമർശങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും മാണിക്കുണ്ട്. അതിനാലാണ് സുപ്രീംകോടതിയെ സമീപിക്കാൻ മാണി തീരുമാനിച്ചിട്ടുള്ളത്. ദീപാവലി അവധിക്ക് ശേഷം നവംബർ 16നെ സുപ്രീംകോടതിയുടെ പ്രവർത്തനം ആരംഭിക്കൂ.
അതേസമയം, മാണിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരം ആരംഭിക്കാനാണ് എൽ.ഡി.എഫ് നീക്കം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ആരംഭിക്കാനാണ് ആലോചന. പ്രതിപക്ഷ നേതാവിനൊപ്പം മുഴുവൻ എം.എൽ.എമാരും എൽ.ഡി.എഫ് നേതാക്കളും സമരത്തിൽ പങ്കാളികളാകും. ഈ പ്രക്ഷോഭത്തെ പിടിച്ചു നിർത്താൻ യു.ഡി.എഫ് സർക്കാറിന് സാധിക്കില്ലെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.
എന്നാൽ, കേരള കോൺഗ്രസ് മാണി വിഭാഗം വിട്ടുനിന്നതിനെ തുടർന്ന് യു.ഡി.എഫ് യോഗം ചേരാൻ സാധിച്ചില്ല. ഇതേതുടർന്ന് ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
അതിനിടെ, കോൺഗ്രസിനെതിെര പരോക്ഷ വിമർശവുമായി കേരളാ കോൺഗ്രസ് മാണി വിഭാഗം മുതിർന്ന നേതാവ് സി.എഫ് തോമസ് എം.എൽ.എ രംഗത്തെത്തി. മാണിയുടെ കാര്യത്തിൽ രാജി ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് സി.എഫ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫിന് നേതൃത്വം നൽകുന്ന കക്ഷിക്കും മറ്റ് ഘടകകക്ഷി നേതാക്കൾക്കും എതിരെ നിരവധി കോടതി വിധികൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ആരും രാജിവെച്ചിട്ടില്ല. ഈ നീക്കത്തിന് പിന്നിൽ ചില തൽപര കക്ഷികളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
