ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പദം മുരളീധരൻ ഒഴിയുന്നു
text_fieldsതൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു. അടുത്തമാസം കാലാവധി അവസാനിക്കും. ജനുവരിയിൽ പുതിയ പ്രസിഡൻറും സംസ്ഥാന സമിതിയും നിലവിൽ വരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച വിജയം നേടിയ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാലാവധി നീട്ടിയേക്കുമെന്നും അറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കഴക്കൂട്ടത്തുനിന്ന് മത്സരിക്കും.
തദ്ദേശത്തിലെ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ഇതിെൻറ ഭാഗമായി സംസ്ഥാന, ജില്ലാ വരണാധികാരികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസിഡൻറ് എന്ന നിലയിൽ രണ്ട് തവണയായി ആറുവർഷം പാർട്ടിയെ നയിച്ച മുരളീധരന് കാലാവധി നീട്ടുന്നതിനോട് താൽപര്യമില്ല. മുരളീധരെൻറ പിൻഗാമിയായി മുൻ സംസ്ഥാന പ്രസിഡൻറും ദേശീയ നിർവാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജന. സെക്രട്ടറിമാരായ കെ.പി. ശ്രീശൻ, കെ. സുരേന്ദ്രൻ എന്നിവരാണ് പരിഗണനയിലുള്ളത്. മുൻ പ്രസിഡൻറും ദേശീയ നേതാവുമെന്ന നിലക്ക് കൃഷ്ണദാസിനാണ് ഏറെ സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയുടെ ചുമതല കൃഷ്ണദാസിനായിരുന്നു. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ശ്രദ്ധേയനായ, മുരളീധരെൻറ വിശ്വസ്തരിലൊരാളായ സുരേന്ദ്രനെ കൊണ്ടുവരാൻ ഔദ്യോഗിക വിഭാഗത്തിന് താൽപര്യമുണ്ടെങ്കിലും പാർട്ടിയിൽ തന്നെ ചില എതിർപ്പുണ്ട്. ശ്രീശന് പാർട്ടിയെ എത്രമാത്രം അച്ചടക്കത്തോടെ നയിക്കാൻ കഴിയുമെന്ന ആശങ്ക നിലനിൽക്കുന്നു. ഗ്രൂപ്പുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടെന്നും ഇപ്പോഴത്തെ നേട്ടം നിലനിർത്താൻ കഴിയുന്നവർ നേതൃനിരയിലേക്ക് വരണമെന്നും മുതിർന്ന നേതാവ് ‘മാധ്യമ’ ത്തോട് അഭിപ്രായപ്പെട്ടു.
പി.പി. മുകുന്ദനെയും കെ. രാമൻപിള്ളയെയുമടക്കം കൊണ്ടുവന്ന് പാർട്ടി ശക്തിപ്പെടുത്തണമെന്ന അഭിപ്രായവും ചിലർക്കുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രകടനത്തിൽ ദേശീയനേതൃത്വവും തൃപ്തരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.