രക്ഷപ്പെടല്‍... ക്രൂരമായ ഒറ്റപ്പെടല്‍
text_fieldsതൃശൂര്‍: വീണ്ടും ഇജാസ് ഒറ്റയായി- കഴിഞ്ഞ തവണത്തെ പോലെ രണ്ടു വര്‍ഷമല്ല, ജീവിതാന്ത്യം വരെ ഈ ഒറ്റപ്പെടല്‍ അവനെ വേട്ടയാടും. ദേശീയപാത നന്തിക്കരയില്‍ ടാറ്റാ സുമോ വെള്ളക്കെട്ടിലേക്ക് താണുപോയപ്പോള്‍ അതിലുണ്ടായിരുന്നവരില്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത് എട്ടുവയസ്സുകാരനായ ഇജാസ് മാത്രം. ആ രക്ഷപ്പെടല്‍ ക്രൂരമായ ഒറ്റപ്പെടലിലേക്കാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ അവനായിട്ടില്ല.
പാലക്കാട് ആലത്തൂര്‍ പുതുശേരിക്കുളം ഷിജാസ് മന്‍സിലില്‍ ഇസ്ഹാഖിന്‍െറ മകന്‍ എട്ട് വയസ്സുകാരന്‍ ഇജാസിന് ദുരന്തം ഇപ്പോഴും പൂര്‍ണമായി മനസ്സിലായിട്ടില്ല. ഇജാസ് ഒന്നിലും രണ്ടിലും പഠിക്കുമ്പോള്‍ ഉപ്പയും ഉമ്മയും പ്രവാസികളായിരുന്നു. അക്കാലത്ത് ഉമ്മയുടെ മാതാവ് സൈനബക്കൊപ്പമായിരുന്നു താമസം. ആ മുത്തശ്ശി വേണം ഇനി ഇജാസിനെ പോറ്റാന്‍, പിന്നെ, ഇസ്ഹാഖിന്‍െറ സഹോദരങ്ങളും. അപകടത്തില്‍ സഹോദരി ഇര്‍ഫാനയും ഉമ്മ ഹഫ്സത്തും ഉപ്പ ഇസ്ഹാഖും വല്ല്യുപ്പ ഇസ്മായിലും വെല്ല്യുമ്മ ഹവ്വുമ്മയും അമ്മാവന്‍ മന്‍സൂറും മരിച്ചത് ഇജാസ് കൃത്യമായി അറിഞ്ഞിട്ടില്ല. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചവരെ കഴിഞ്ഞ അവന്‍ ഇടക്കിടെ തന്‍െറ ഉറ്റവരെ അന്വേഷിക്കുന്നുണ്ടായിരുന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതമുള്ള ഇജാസ് ഒന്നുകൂടി ഉള്‍വലിഞ്ഞു. എന്തോ കുഴപ്പം സംഭവിച്ചുവെന്ന അറിവ് കടുത്ത സമ്മര്‍ദമാകുന്നത് അവന്‍െറ മുഖത്ത് വായിക്കാം.
പുലര്‍കാല യാത്രയില്‍ ആയതിനാല്‍ നല്ല ഉറക്കത്തിലായിരുന്ന ഇജാസ് ചതുപ്പിന്‍െറ അവസ്ഥയുള്ള വെള്ളക്കെട്ടില്‍ വീണപ്പോള്‍ പെട്ടെന്ന് ഉണരുകയായിരുന്നു. വാഹനത്തിന്‍െറ ഗ്ളാസ് തുറന്ന് പുറത്തെടുത്താണ് അവനെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്‍െറ ഞെട്ടലില്‍ നിന്ന് മുക്തനാവാന്‍ സമയം ഏറെ വേണ്ടിവന്നു. ആശുപത്രിയില്‍ എത്തി കുറെ നേരം കരഞ്ഞു. പരിശോധന നടക്കുമ്പോഴും ഇജാസ് കരയുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണത്തില്‍ ഇജാസ് സാധാരണ നിലയിലായി. വാഹനത്തില്‍ തന്നെ കൂടാതെ ഡ്രൈവര്‍ ഉള്‍പ്പെടെ എഴു പേര്‍ ഉണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരോട് പറഞ്ഞത് ഇജാസാണ്. ഇതാണ് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ശേഷമാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇജാസിന് ബാഹ്യ പരിക്കുകളില്ളെന്ന് ആദ്യം ഉറപ്പു വരുത്തി. പിന്നീട് വിദഗ്ധ ഡോക്ടര്‍ ആന്തരിക അവയവങ്ങളും പരിശോധിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോഴും പ്രശ്നം കണ്ടില്ല. ഉച്ചക്ക് ഒരു മണി വരെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ഇജാസിനെ അമ്മാവന്‍ ഹബീബുറഹ്മാന്‍ പുതുശേരിക്കുളം വീട്ടിലേക്ക് കൊണ്ടുപോയി. അപകടത്തിന്‍െറ കറുത്ത അധ്യായം മറക്കാന്‍ ശ്രമിച്ച് വെല്ല്യുമ്മ സൈനബയുടെ ചാരത്ത് ഇജാസ് ഷിജാസ് മന്‍സിലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.