മുടക്കമില്ലാതെ മുഴുസമയ വൈദ്യുതി നാല് മാസത്തിനകം –പീയുഷ് ഗോയല്‍
text_fieldsകൊച്ചി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തടസ്സമില്ലാതെ 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കുന്ന സംവിധാനം നാല് മാസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്ര ഊര്‍ജ, കല്‍ക്കരി, പാരമ്പര്യേതര ഊര്‍ജ വകുപ്പിന്‍െറ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പീയുഷ് ഗോയല്‍. ഉജ്വല്‍ ഡിസ്കോം അഷ്വറന്‍സ് യോജനയിലൂടെ (ഉദയ്) വിതരണ കമ്പനികളുടെ നഷ്ടം 2019ഓടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഊര്‍ജ, പാരമ്പര്യേതര ഊര്‍ജ, ഖനി വകുപ്പ് മന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചാല്‍, ആറ് വര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജം എന്ന ലക്ഷ്യം നാലരവര്‍ഷംകൊണ്ട് നേടാനാകും. 2022ഓടെ 100 ജിഗാവാട്ട് സൗരോര്‍ജ ശേഷി നേടിയെടുക്കാനാണ് പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജപദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെയോ കേന്ദ്ര സര്‍ക്കാറിന്‍െറയോ മാത്രം താല്‍പര്യമായി ഇതിനെ കാണരുത്. രാഷ്ട്രീയത്തിനതീതമായി ഇന്ത്യയുടെ സമഗ്ര പുരോഗതിക്കായി മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരുമിക്കണം. നിരക്ക് കുറഞ്ഞ, പാരിസ്ഥിതിഘാത രഹിതമായ വൈദ്യുതി രാജ്യമെങ്ങും എത്തിക്കാനുള്ള പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നെന്ന ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും വിലകുറച്ച് കാണുന്നില്ല. തൊഴിലാളി യൂനിയന്‍ നേതാക്കളുമായി വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്. അവരുടെ നിര്‍ദേശംകൂടി കണക്കിലെടുത്താകും പരിഷ്കരണം കൊണ്ടുവരുക.
24 മണിക്കൂറും വൈദ്യുതി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല രേഖകള്‍ തയാറാക്കല്‍, പദ്ധതി നടത്തിപ്പ്, വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളെ ദൗത്യരീതിയില്‍ വൈദ്യുതീകരിക്കല്‍, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ യോജനയുടെ നടത്തിപ്പ്, സംയോജിത ഊര്‍ജ വികസന പദ്ധതി നടത്തിപ്പ്, സഞ്ചിത സാങ്കേതിക വാണിജ്യ നഷ്ടം കുറക്കല്‍ തുടങ്ങിയവയാണ് സമ്മേളനത്തിലെ പ്രധാന വിഷയങ്ങള്‍. സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, ബന്ധപ്പെട്ട സെക്രട്ടറിമാര്‍, സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ വൈദ്യുതി നിയമഭേദഗതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.