മലയാളികള്‍ എന്തും ആഘോഷമാക്കുന്നവര്‍ –ഗവര്‍ണര്‍
text_fields
തിരുവനന്തപുരം: കേരളത്തിലെ മതേതരത്വവും സാമൂഹിക നന്മയും ആഘോഷങ്ങളും മാതൃകയാണെന്ന് ഗവര്‍ണര്‍ പി. സാദാശിവം. സാംസ്കാരിക വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് അവസരവും ആഘോഷമാക്കി മാറ്റാനുള്ള മലയാളികളുടെ കഴിവും ഇതിനായി മാറ്റിവെക്കുന്ന ഊര്‍ജവും അസാധ്യമാണ്. ഹര്‍ത്താലായാലും ട്രേഡ് യൂനിയന്‍ സമരങ്ങളായാലും മലയാളിയെ സംബന്ധിച്ച്, ആഘോഷത്തിനൊപ്പം നില്‍ക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷതവഹിച്ചു.
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വജ്രകേരളം എന്ന പേരില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ തുടര്‍ന്ന്മാറ്റിവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുമുതല്‍ നവംബര്‍ ഒന്നുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാല്‍, ഈ രണ്ട് മേഖലയും ഇന്ന് വെല്ലുവിളികള്‍ നേരിടുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് മികച്ച അവസരങ്ങള്‍ ഒരുക്കാനോ നേട്ടം ഉണ്ടാക്കാനോ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ളെന്നും മന്ത്രി പറഞ്ഞു.
വ്യക്തിപരമായ സംഭാവനകളിലൂടെയാണ് മലയാള ഭാഷ നിലനില്‍ക്കുന്നതെന്നും ഭാഷയുടെ വികാസത്തിന് കൂട്ടായ പരിശ്രമം ഉണ്ടാകുന്നില്ളെന്നും ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.
60ാം കേരളപ്പിറവി ആഘോഷത്തിന്‍െറ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന 60 പുസ്തകങ്ങളില്‍ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു. മന്ത്രി ജോസഫ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നടുവട്ടം ഗോപാലകൃഷ്ണന്‍െറ മലയാള ഭാഷാചരിത്രം, ഡോ.പി. സോമശേഖരന്‍ നായരുടെ തച്ചനാടര്‍, ഡോ.എസ്. നൗഷാദിന്‍െറ മലയാള ഭാഷാ ശാസ്ത്രജ്ഞര്‍, ഡോ. ബി. വിജയകുമാറിന്‍െറ പൈതൃക കേരളം, രുഗ്മിണി ഗോപാലകൃഷ്ണന്‍ രചിച്ച വീണാബോധിനി തുടങ്ങിയവയാണ് പ്രകാശനം ചെയ്തത്. കെ.എല്‍. മോഹനവര്‍മ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ റിസര്‍ച് ഓഫിസര്‍ ഡോ.എസ്. രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്‍ സ്വാഗതവും രമേശ് കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.