മകരവിളക്കിന് നടതുറന്നു; ശബരിമലയില്‍ ഭക്തജന പ്രവാഹം
text_fieldsശബരിമല: ശബരിമലയില്‍ കഴിഞ്ഞ 27ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ച തിരുനട ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുറന്നപ്പോള്‍ സന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി. മേല്‍ശാന്തിയും തന്ത്രിയും തിരുനടയിലെ മണി മുഴക്കി ഭഗവാനെ ഉണര്‍ത്തിയ ശേഷമാണ് നടതുറന്നത്.
തുടര്‍ന്ന് മേല്‍ശാന്തി ഗണപതിയുടെയും നാഗരാജാവിന്‍െറയും നടതുറന്ന് ദീപം തെളിച്ച ശേഷം പതിനെട്ടാം പടിയിറങ്ങി ആഴിയില്‍ അഗ്നി ജ്വലിപ്പിച്ചു. മാളികപ്പുറം മേല്‍ശാന്തി ശബരീശന്‍െറ തിരുവിഗ്രഹത്തില്‍ ചാര്‍ത്തിയ വിഭൂതിയും മാളികപ്പുറം തിരുനടയുടെ താക്കോലും ശബരിമല മേല്‍ശാന്തിയില്‍നിന്ന് ഏറ്റുവാങ്ങി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവില്‍ നടതുറന്നു.
ശബരിമല നട തുറക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എല്‍. രേണുഗോപാല്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ. സോമശേഖരന്‍ നായര്‍, അസി. എന്‍ജിനീയര്‍ ജി. ബസന്ത് കുമാര്‍, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുസ്വാമിയായി മന്ത്രി കെ.പി. മോഹനന്‍ സന്നിധാനത്ത് ഇത് 49ാം തവണ
ഗുരുസ്വാമിയായി മന്ത്രി കെ.പി. മോഹനന്‍ എത്തി. 24 കന്നിക്കാരും 12 മാളികപ്പുറങ്ങളുമടക്കം 103 സ്വാമിമാരുടെ സംഘത്തെ നയിച്ച് 49ാം തവണയാണ് അയ്യപ്പസ്വാമിയെ വണങ്ങാന്‍ മന്ത്രിയത്തെിയത്. മന്ത്രിയുടെ പുത്തൂരിലെ വസതിയില്‍നിന്ന് അഞ്ചു വാഹനങ്ങളിലായാണ് സംഘം തിരിച്ചത്. എല്ലാ വര്‍ഷവും എരുമേലിയിലത്തെി പേട്ടതുള്ളിയാണ് സംഘം ശബരിമലയിലത്തെുന്നത്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. സാധാരണയായി മണ്ഡല കാലത്താണ് സംഘം ശബരിമലയിലത്തെിയിരുന്നത്.
ഇക്കുറി മകരവിളക്കിന് നടതുറന്നപ്പോള്‍ ഭഗവാനെ ആദ്യം ദര്‍ശിച്ചവരില്‍ ഒരാളായി മന്ത്രി. മൂന്നു വര്‍ഷം വിദേശത്തായിരുന്നപ്പോഴും മാതാവ് മരിച്ചപ്പോഴും മാത്രമാണ് ശബരിമല ദര്‍ശനം മുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്ത് ശബരിമലയിലെ വികസന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ പലതവണ എത്തിയിട്ടുണ്ട്. അന്ന് നിര്‍ദേശിച്ച പല കാര്യങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
