യാക്കോബായ മുൻ ഭദ്രാസനാധിപൻ മാർ പീലക്സിനോസ് അന്തരിച്ചു
text_fieldsകല്‍പറ്റ: യാക്കോബായ സുറിയാനി സഭയുടെ മുന്‍മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്സീനോസ് (74) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലബാര്‍ ഭദ്രാസനത്തെ വിഭജിച്ച് കോഴിക്കോട് ഭദ്രാസനത്തിന് രൂപം നല്‍കിയത് ഇദ്ദേഹമാണ്.
കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ 1941 ഡിസംബര്‍ അഞ്ചിന് ഇലപ്പിനാല്‍ കുരുവിളയുടേയും അന്നമ്മയുടേയും പുത്രനായി ജനിച്ചു. കൂരോപ്പട സി.എം.എസ്.എല്‍.പി സ്കൂള്‍, പാമ്പാടി എം.ജി.എം ഹൈസ്കൂള്‍ എന്നിവടങ്ങളിലായി പ്രാരംഭവിദ്യാഭ്യാസം. 1964ല്‍ പൗലോസ് മോര്‍പീലക്സീനോസ് മെത്രാപോലീത്തായില്‍ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. 1964 മുതല്‍ 68 വരെ കോട്ടയം പഴയ സെമിനാരിയില്‍ പഠനം നടത്തി. ജി.എസ്.ടി ബിരുദം നേടി. തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ധനതത്വ ശാസ്ര്ത്രത്തില്‍ ബി.എയും തിരുപ്പതി ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എയും നേടി.
ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്.ടി.എം, ലോഗോസ് കോളജില്‍ നിന്ന് ഡോക്ടര്‍ ഓഫ് തിയോളജി, ഒര്‍ലാന്‍ഡോ ഇന്‍റര്‍ നാഷണല്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടര്‍ ഓഫ് ഡിവിവിനിറ്റി ബിരുദങ്ങളും നേടി. 1985 ഓഗസ്റ്റ് 30ന് പാമ്പാടി സിംഹാസന പള്ളിയില്‍ വെച്ച് യാക്കോബ് മാര്‍തീമോത്തിയോസ് മെത്രാപോലീത്തായില്‍ നിന്നും റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. 1985 സെപ്തംബര്‍ 12ന് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് കത്തീഡ്രലില്‍ വെച്ച് മലബാര്‍ ഭദ്രാസന മെത്രാ പൊലീത്തയായി വാഴിക്കപ്പെട്ടു.
മീനങ്ങാടി മോര്‍ ഏലിയാസ് സ്നേഹഭവന്‍ അനാഥശാല, കരുണാഭവന്‍ വൃദ്ധസദനം, സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്‍റ് ഗ്രീഗോറിയോസ് ബി.എഡ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് മോര്‍ പീലക്സീനോസാണ്. എഴുപത് വയസില്‍ വൈദീകര്‍ക്ക് റിട്ടയര്‍മെന്‍റ്, വൈദീകക്ഷേമനിധി, പെന്‍ഷന്‍ പദ്ധതി, വൈദീക പൂളിംഗ് സിസ്റ്റത്തിലൂടെയുള്ള ഹോണറേറിയം പദ്ധതി, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വൈദീകരുടെ പൊതുവായസ്ഥലം മാറ്റം തുടങ്ങി കാര്യങ്ങളും ഇദ്ദേഹമാണ് ആരംഭിച്ചത്. തീക്ഷ്ണവാന്‍ എന്ന് അര്‍ഥമുള്ള ‘താനോനോ’ എന്ന സ്ഥാനപേര് നല്‍കി ഇദ്ദേഹത്തെ പാത്രിയര്‍ക്കീസ് ബാവ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
