ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം
text_fieldsപാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ കഞ്ചിക്കോട് യൂനിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സ്പെഷല്‍ ഓഫിസറായി നിയമിതനായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്ഥാപനത്തിന്‍െറ സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കാന്‍ ജനുവരി ആദ്യവാരം യൂനിറ്റ് സന്ദര്‍ശിക്കും. യൂനിറ്റ് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് കേരളം കേന്ദ്ര ഘനവ്യവസായ വകുപ്പിന് കത്തെഴുതിയിട്ടുണ്ട്.
സ്പെഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് വൈകാതെ മന്ത്രിസഭയുടെ പരിഗണനക്ക് വെക്കും.ഈ മാസം 14ന് കഞ്ചിക്കോട് യൂനിറ്റ് സ്ഥിതിചെയ്യുന്ന മലമ്പുഴ മണ്ഡലത്തിന്‍െറ എം.എല്‍.എയായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ ഓഫിസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്പനി, യൂനിയന്‍ പ്രതിനിധികളും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവരുടെ യോഗത്തിലാണ് യൂനിറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചത്. സര്‍ക്കാറിന്‍െറ കാലാവധി തീരുന്നതിന് മുമ്പ് നടപടികള്‍ പരമാവധി മുന്നോട്ടുനീക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. രാഷ്ട്രീയമായ കാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ചാഞ്ചാട്ടം വരാനുള്ള സാഹചര്യംകൂടി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ നീക്കം.
യൂനിറ്റിന് ബാധ്യത തീരെയില്ലാത്തതും ലാഭത്തിലാണെന്നതും അനുകൂല ഘടകമാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനം ഏറ്റെടുക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. യൂനിറ്റ് പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനാല്‍ കൈമാറ്റത്തിന് എല്‍.ഡി.എഫ് തത്വത്തില്‍ അനുകൂലമാണ്. സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് ഭിന്നനിലപാടുണ്ടായാല്‍ പദ്ധതി പാളും. പ്രതിരോധ വകുപ്പിന്‍െറ വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാനം പരാജയമായെന്ന ആക്ഷേപം കഴുകിക്കളയുകയും ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍ വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. രാജസ്ഥാനിലെ കോട്ടയിലും കേരളത്തിലെ കഞ്ചിക്കോട്ടും മാത്രമാണ് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന് യൂനിറ്റുള്ളത്. കണ്‍ട്രോള്‍ വാല്‍വ് നിര്‍മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമാണിത്.
കോട്ട യൂനിറ്റ് കോടികളുടെ നഷ്ടത്തിലാണ്. കഞ്ചിക്കോട് യൂനിറ്റ് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടോയെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നേരത്തേ സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. 2013-14ല്‍ 110 കോടി രൂപയും 2014-15ല്‍ 84 കോടിയുമായിരുന്നു കഞ്ചിക്കോട്ടെ വിറ്റുവരവ്. യഥാക്രമം 14 കോടി രൂപയും പത്ത് കോടി രൂപയുമായിരുന്നു ഈ വര്‍ഷങ്ങളിലെ ലാഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.