കേരളയാത്ര: നേതൃത്വത്തെച്ചൊല്ലി മുസ്ലിംലീഗില്‍ തര്‍ക്കം
text_fieldsകോഴിക്കോട്: സൗഹൃദം, സമത്വം, സമന്വയം സന്ദേശവുമായി മുസ്ലിംലീഗ് നടത്തുന്ന കേരളയാത്രയുടെ നേതൃപദവികളെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം.
കേരളയാത്രയുടെ വൈസ് ക്യാപ്റ്റന്‍, ഡയറക്ടര്‍, കോഓഡിനേറ്റര്‍ തുടങ്ങിയ പദവികള്‍ക്കായാണ് പാര്‍ട്ടിയില്‍ തര്‍ക്കവും വടംവലിയും രൂക്ഷമായത്.
ജാഥാ ലീഡറായി പാര്‍ട്ടി നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍, മറ്റു പദവികള്‍ക്കുവേണ്ടി പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും പോഷകസംഘടനാ നേതാക്കളും കരുനീക്കങ്ങളും ചരടുവലിയും നടത്തുകയാണ്. ഇതുകാരണം കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തില്‍ ജാഥാ ലീഡറെ മാത്രമേ തെരഞ്ഞെടുക്കാനായിട്ടുള്ളൂ. മറ്റു ഭാരവാഹികളെ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് മാറ്റിവെച്ചു.
ജനുവരി 24ന് മഞ്ചേശ്വരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന ജാഥ ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥാ ഉദ്ഘാടകനെയും പ്രസംഗകരെയുമൊക്കെ നിശ്ചയിച്ചെങ്കിലും ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തര്‍ക്കംമൂലം കഴിഞ്ഞിട്ടില്ല. ജാഥ ഡെപ്യൂട്ടി ലീഡര്‍മാരായി അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ തീരുമാനിച്ചത്. എന്നാല്‍, ഡെപ്യൂട്ടി ലീഡര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സമ്മര്‍ദം ചെലുത്തി. ഇതേതുടര്‍ന്ന് എം.കെ. മുനീറും കെ.എം. ഷാജിയും ഡെപ്യൂട്ടി ലീഡര്‍മാരായി. എന്നാല്‍, മറ്റു സംസ്ഥാന ഭാരവാഹികള്‍ ഇതിനെതിരെ ചരടുവലി തുടങ്ങി. ഇതോടെ ജാഥയിലെ മറ്റു ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടിയില്‍ കീറാമുട്ടിയായിരിക്കുകയാണ്.
അതിനിടെ, മറ്റു ചുമതലകളുള്ളതിനാല്‍ ജാഥാ ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ നേതൃത്വത്തോട് അഭ്യര്‍ഥിച്ചതായി അറിയുന്നു. ഡെപ്യൂട്ടി ലീഡര്‍മാരുടെ എണ്ണം കൂട്ടി മുതിര്‍ന്ന നേതാക്കളെ ചെറുതാക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനും അഭിപ്രായമുള്ളതായി അറിയുന്നു.
പി.വി. അബ്ദുല്‍ വഹാബ്, മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവരെ ജാഥാ ഡയറക്ടര്‍മാരും പാര്‍ട്ടിയിലെ മറ്റ് എം.എല്‍.എമാരെയും യൂത്ത്ലീഗ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റുമാരെയും ജാഥാ കോഓഡിനേറ്റര്‍മാരായും നിശ്ചയിക്കാനാണ് നേതൃത്വം നേരത്തേ ആലോചിച്ചത്. എന്നാല്‍, ഈ പദവികള്‍ക്കായും തര്‍ക്കം തുടരുകയാണ്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദവും സമന്വയവും വളര്‍ത്താന്‍ മുസ്ലിംലീഗ് നിശ്ചയിച്ച യാത്ര പാര്‍ട്ടിയിലെ സൗഹൃദത്തെ ബാധിക്കുമോ എന്നതാണ് പ്രവര്‍ത്തകരുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
