വാര്‍ത്തകളും വിശകലനങ്ങളും പുലഭ്യം പറച്ചിലായി മാറുന്നു –ജസ്റ്റിസ് കെ.ടി. ശങ്കരന്‍
text_fieldsകൊച്ചി: മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിശകലനങ്ങളും വെറും പുലഭ്യം പറച്ചിലായി മാറുന്നെന്ന് ജസ്റ്റിസ് കെ.ടി. ശങ്കരന്‍. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് നിരന്തരം വീഴ്ചകള്‍ സംഭവിക്കുകയാണ്. വിശ്വാസ്യതയില്ലാത്ത ഇത്തരം വാര്‍ത്തയധിഷ്ഠിത പരിപാടികള്‍ അതുകൊണ്ടുതന്നെ താന്‍ കാണാറില്ളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാധ്യമങ്ങള്‍ മാത്രമല്ല ജുഡീഷ്യറിയും ദിനംപ്രതി വിശ്വാസത്തകര്‍ച്ച നേരിടുകയാണെന്ന് രാഷ്ട്രീയ ചിന്തകന്‍ അഡ്വ. എ. ജയശങ്കറും അഭിപ്രായപ്പെട്ടു.
എറണാകുളം എന്‍.എസ്.എസ് കരയോഗം നവതി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് മാധ്യമങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് പ്രമുഖര്‍ തുറന്നടിച്ചത്. ജസ്റ്റിസ് കെ.ടി. ശങ്കരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നുവെന്നതൊഴിച്ചാല്‍ മാധ്യമങ്ങളില്‍ നിത്യവും കാണുന്നതിലധികവും നിഷേധാത്മക കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പരദൂഷണം കേള്‍ക്കാന്‍ മാത്രം ചില പരിപാടികളുണ്ട്. ചൊറിയുമ്പോള്‍ കിട്ടുന്ന സുഖമാണ് അത് കാണുമ്പോള്‍ ലഭിക്കുന്നത്. എല്ലാം കഴിഞ്ഞ് എന്താണ് നേടിയതെന്ന് സ്വയം ചോദിക്കുമ്പോഴാണ് നേടിയത് അവരാണ് നമുക്ക് വിലപ്പെട്ട സമയം നഷ്ടമാവുകയാണ് ചെയ്തതെന്ന തിരിച്ചറിവുണ്ടാകുന്നത്.
യോഗ്യതയില്ലാത്തവരാണ് ചാനലുകളില്‍ കോടതി നടപടികളെക്കുറിച്ച് ചര്‍ച്ച നയിക്കുന്നത്. നിലവാരമില്ലാത്ത സിനിമകളില്‍ അവതരിപ്പിക്കുന്നതിനെക്കാളും ഭയാനകവും മോശവുമായ രീതിയിലാണ് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കോടതി നടപടികളെ അവതരിപ്പിക്കുന്നത്. പ്രത്യേക അജണ്ടവെച്ചാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ദേശീയ തലത്തിലുണ്ടായ ഒരു പ്രധാന സംഭവമറിയാന്‍ ചാനലില്‍ നോക്കിയാല്‍ നിരാശയാകും ഫലം. ദേശീയ താല്‍പര്യമുള്ള കാര്യങ്ങള്‍ ചാനലുകള്‍ക്ക് വാര്‍ത്തയല്ല. ചാന്ദ്രയാന്‍ പോലുള്ള ശാസ്ത്രനേട്ടങ്ങളും സാമ്പത്തിക മാന്ദ്യത്തെ രാജ്യം അതിജീവിച്ചതുമൊന്നും വലിയ വാര്‍ത്തയാകുന്നില്ല. ജനം അറിയേണ്ട വാര്‍ത്തകള്‍ പൂഴ്ത്തിവെക്കുന്നു.
സമൂഹത്തിലെ പൊതുവായ ജീര്‍ണത മാത്രമാണ് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും ചാനല്‍ ചര്‍ച്ചകളില്‍ തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികം മാത്രമാണെന്നും വിഷയം അവതരിപ്പിച്ച അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയുന്നത് മാധ്യമങ്ങള്‍ക്ക് മാത്രം സംഭവിക്കുന്ന പിഴവല്ല. കോടതികള്‍ക്കും സംഭവിക്കുന്നുണ്ടെന്ന് സെമിനാറില്‍ സംസാരിച്ച പി. രാജന്‍ ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
