ജസ്റ്റിസ് മളീമഠ് അന്തരിച്ചു
text_fieldsബംഗളൂരു: കര്‍ണാടക, കേരള ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും കര്‍ണാടക അതിര്‍ത്തി സംരക്ഷണ കമീഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് വി.എസ്. മളീമഠ് (86) അന്തരിച്ചു. ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി 11നായിരുന്നു അന്ത്യം. വൈറല്‍ ബാധയത്തെുടര്‍ന്ന് ഒരാഴ്ചമുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1929 ജൂണ്‍ 12ന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ജനിച്ച വി.എസ്. മളീമഠ് ഒന്നാം റാങ്കോടെയാണ് എല്‍എല്‍.ബി വിജയിച്ചത്. 1952ല്‍ ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദാനന്തരബിരുദം നേടി. 1968ല്‍ കര്‍ണാടക അഡ്വക്കറ്റ് ജനറലായി. 1970ല്‍ കര്‍ണാടക ഹൈകോടതി ജഡ്ജിയും 1984ല്‍ ചീഫ് ജസ്റ്റിസുമായി. 1985 ഒക്ടോബര്‍ 24 മുതല്‍ 1991 ജൂണ്‍11വരെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു.
വിരമിച്ചശേഷം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം എന്നീ പദവികള്‍ വഹിച്ചു. ഇന്ത്യയിലെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനം നവീകരണ കമ്മിറ്റി മേധാവി, നൈജീരിയ, ശ്രീലങ്ക എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന ഐക്യരാഷ്ട്രസഭ പ്രതിനിധി, ശ്രീലങ്കയിലെ ജനഹിതപരിശോധനാ നിരീക്ഷകന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
നാഷനല്‍ സിറ്റിസണ്‍ പുരസ്കാരം, കര്‍ണാടക രാജ്യോത്സവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കര്‍ണാടക യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നല്‍കി. ഭാര്യ: പ്രേമാ ദേവി. ഒരു മകനും നാല് പെണ്‍കുട്ടികളുമുണ്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ചാമരാജ്പേട്ട് ശ്മശാനത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.