Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭവ ബഹുലം 'കേരളം'

സംഭവ ബഹുലം 'കേരളം'

text_fields
bookmark_border
സംഭവ ബഹുലം കേരളം
cancel
ചായക്കടകളും സാമൂഹ്യമാധ്യമങ്ങളും ചർച്ചകൾ കൊണ്ട് നിറഞ്ഞ വർഷമായിരുന്നു 2015. ചായക്കടയിൽ ഒരു ചായയിൽ തുടങ്ങി നിരവധി ചായകളായി രാഷ്ട്രീയം ആവിയായി പറന്നപ്പോൾ, സാമൂഹ്യ മാധ്യമങ്ങളിൽ അവ 'പോസ്റ്റു'കളായി െെവറലും ട്രോളുകളുമാകുകയായിരുന്നു. അത്രക്ക് സംഘർഷ ഭരിതമായ വർഷമാണ് കഴിഞ്ഞുപോയത്. ധനമന്ത്രി കെ.എം മാണിക്കെതിരായ ബാർകോഴയിൽ തുടങ്ങി സർക്കാർ മദ്യനയവും ബിജു രമേശിന്‍റെ വെളിപ്പെടുത്തലും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നു. വർഷാന്ത്യത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിക്കെതിരായ സീഡി വിവാദവും ആർ. ശങ്കർ പ്രതിമാ അനാച്ഛാദനവുമായി മാറി. ഇതിനിടെ പാർട്ടിക്കെതിരായ വി.എസിന്‍റെ പോർവിളിക്കും മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിനും മാണിയുടെ രാജിക്കും വെള്ളാപ്പള്ളിയുടെ പുതിയ പാർട്ടിക്കും അരുവിക്കര ഉപതെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനും കേരളം സാക്ഷിയായി. രാഷ്ട്രീ‍യ വാഗ്വോദങ്ങൾക്കിടയിലും സാമൂഹിക പ്രതിബദ്ധത തെളിയിച്ച സംഭവങ്ങളുമുണ്ടായി. അവയവദാനത്തിലൂടെ പുതിയ സന്ദേശവും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം വഴി വികസന കുതിപ്പും സമ്മാനിച്ചു. എന്നാൽ, ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിൽ 11 പേരുടെയും കോഴിക്കോട് മാൻഹോൾ അപകടത്തിൽ മൂന്നു പേരുടെയും ജീവൻ വെടിഞ്ഞത് മലയാളി മനസിനെ കണ്ണീരണിയിച്ചു.
 
ആര്‍. ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
 

ആർ. ശങ്കർ പ്രതിമ വിവാദം
മുൻ മുഖ്യമന്ത്രിയും മുൻ കെ.പി.സി.സി അധ്യക്ഷനുമായ ആർ. ശങ്കറിന്‍റെ പ്രതിമ ഡിസംബർ 15ന് കൊല്ലത്ത് അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിലക്കിയത് വലിയ വിവാദത്തിന് വഴിവെച്ചു. ചടങ്ങിലേക്ക് ക്ഷണിച്ച എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെയാണ് മുഖ്യമന്ത്രിയോട് പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടത്. ചടങ്ങിന് ക്ഷണിച്ചശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പാർലമെൻറിലും ചർച്ചയായി. ഇതോടെ പ്രധാനമന്ത്രിയായ ശേഷം കേരളത്തിൽ മോദി പങ്കെടുത്ത ആദ്യ ചടങ്ങ് തന്നെ വിവാദത്തിൽ കലാശിച്ചു.

സോളാർ കേസ് പ്രതികളായ സരിത നായരും ബിജു രാധാകൃഷ്ണനും
 

സീഡി വിവാദം 
മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള മന്ത്രിമാർക്കെതിരെ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ ലൈംഗികാരോപണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോൺ, എ.പി. അനിൽ കുമാർ, ഹൈബി ഈഡൻ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത്, അനിൽ കുമാറിന്‍റെ പി.എ. നസറുല്ല എന്നിവർ സരിതയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങൾ തന്‍റെ കൈയിലുണ്ടെന്നായിരുന്നു സോളാർ കമീഷന് മുന്നിൽ വെളിപ്പെടുത്തൽ. എന്നാൽ, തെളിവുകളടങ്ങിയ സീഡി തന്‍റെ കൈവശമില്ലെന്നും കോയമ്പത്തൂരിലെ ബന്ധുവിന്‍റെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ബിജു അറിയിച്ചതോടെ ബിജുവിനെയും കൂട്ടി ആറംഗ പൊലീസ് സംഘം കോയമ്പത്തൂരിലെ ശെൽവപുരത്തെത്തി. തിരച്ചിൽ നടത്തിയെങ്കിലും സീഡി കണ്ടെടുക്കാനായില്ല.

യു.ഡി.എഫ് മന്ത്രിമാർക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാറുടമ ബിജു രമേശ്
 

ബാർ കോഴ ആരോപണം 
2014 ഒക്ടോബർ 31നാണ് ബിജു രമേശ് 'ബാർ കോഴ ഭൂത'ത്തെ തുറന്നുവിട്ടത്. പൂട്ടിയ ബാറുകൾ തുറക്കാൻ ബാറുടമകളിൽ നിന്ന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ വാങ്ങിയെന്നായിരുന്നു ചാനൽ ചർച്ചക്കിടെ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് കൂടിയായ ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി ഹൈകോടതി ശരിവെച്ചു. തുടരന്വേഷണം വേണ്ടെന്നാണ് വിജിലൻസ് ഡയറക്ട്ർ നിർദേശിച്ചതെങ്കിലും കീഴ്ക്കോടതി അതിന് ഉത്തരവിട്ടതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ വ്യക്തമാക്കി. കൂടാതെ, എക്സൈസ് മന്ത്രി കെ. ബാബു 9.5 കോടി രൂപ വാങ്ങിയെന്നും ബിജു രമേശ് പുതിയ വെളിപ്പെടുത്തൽ നടത്തി. ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷൻ നടത്താൻ വിജിലൻസ് തീരുമാനിച്ചു. 

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ അദാനി, ഉമ്മൻചാണ്ടി, നിതിൻ ഗഡ്കരി
 

വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിന് നവംബർ ഒന്നിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിനാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. അന്താരാഷ്ട്ര കപ്പൽപ്പാതയിൽ നിന്ന് 18 കിലോമീറ്റർ മാത്രമേ അകലമുള്ളൂ വിഴിഞ്ഞത്തിന്. 22,000 ടി.ഇ.യു ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വരെ തുറമുഖത്ത് അടുപ്പിക്കാം. വിഴിഞ്ഞം കരാറിൽ വിയോജിപ്പ് ഉള്ളതിനാൽ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തില്ല.

ധനമന്ത്രി കെ.എം മാണി രാജി പ്രഖ്യാപിക്കുന്നു
 

കെ.എം മാണി രാജിവെച്ചു
ബാർകോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി കെ.എം മാണി രാജിവെച്ചു. ബാർ കോഴയിൽ ഹൈകോടതി നടത്തിയ രൂക്ഷ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ യു.ഡി.എഫിൽ നിന്നും ഉയർന്ന ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് മാണി മന്ത്രിസ്ഥാനം രാജിവെച്ചത്. 2014 ഒക്ടോബർ 31ന് സ്വകാര്യ ചാനലിൽ ചർച്ചക്കിടെ ബാർ ഉടമയായ ബിജു രമേശാണ് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ വേണ്ടി കെ.എം മാണി കോഴ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി രംഗത്തുവന്നത്. പ്രതിപക്ഷത്ത് നിന്നും വന്ന ശക്തമായ രാജി ആവശ്യങ്ങൾക്ക് പിന്നാലെ ഭരണപക്ഷത്തു നിന്നുള്ള നേതാക്കൾ വരെ മാണിക്കെതിരെയുള്ള കോഴയാരോപണം ഗുരുതരമാണെന്ന് വിശ്വസിച്ചു. ആരോപണം ഉയർന്ന് ഒരു വർഷം കഴിഞ്ഞാണ് മാണി രാജിവെക്കാൻ തീരുമാനിച്ചത്.  

വെള്ളാപ്പള്ളി നടേശൻ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നു
 

വെള്ളാപ്പള്ളിയുടെ പാർട്ടി; ഭാരത് ധർമ്മ ജനസേന
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 'ഭാരത് ധർമ്മ ജനസേന' (ബി.ഡി.ജെ.എസ്) എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. കാസർകോട് നിന്നും ആരംഭിച്ച സമത്വ മുന്നേറ്റയാത്രയുടെ സമാപന സമ്മേളനം നടന്ന ശംഖുമുഖത്തു വെച്ചായിരുന്നു പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം. വെള്ളയും മെറൂണും നിറങ്ങൾ ചേർന്നതാണ് പാർട്ടി പതാക. 'കൂപ്പു കൈ' ആണ് ചിഹ്നം. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ 'കേരള മുസ് ലിം ജമാഅത്ത്' എന്ന പുതിയ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചു. കാന്തപുരം സുന്നി യുവജന സംഘം, എസ്.എസ്.എഫ് എന്നീ സംഘടനകളുടെ പ്രവർത്തന പരിധി പരിമിതപ്പെടുത്തി മുസ് ലിം ജമാഅത്തിന്‍റെ പ്ലാറ്റ്ഫോം വിപുലപ്പെടുത്താനാണ് പദ്ധതി.

അവയവദാനത്തിനുള്ള ഹൃദയവുമായി മെഡിക്കൽ സംഘം എയര്‍ ആംബുലന്‍സിലേക്ക്
 

ചരിത്രമായി അവയവദാനം 
കേരളത്തിലെ ആദ്യ എയർ ആംബുലൻസ് വഴിയുള്ള അവയവമാറ്റ ശസ്ത്രക്രിയ ജൂലൈ 25ന് നടന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വേർപ്പെടുത്തിയ ഹൃദയം നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചത്. പാറശാല സ്വദേശിയും അഭിഭാഷകനുമായ നീലകണ്ഠശർമയുടെ ഹൃദയം അങ്കമാലി സ്വദേശിയായ ഓട്ടോ ഡ്രൈവർ മാത്യു അച്ചാടന് ശസ്ത്രക്രിയയിലൂടെ തുന്നിചേർത്തത്. സംസ്ഥാനത്ത് സർക്കാർ ആശുപത്രിയിൽ ആദ്യമായി നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയകരമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മസ്തിഷ്കമരണം സംഭവിച്ച ആലുവ കടുങ്ങല്ലൂർ തെക്കുംമുട്ടത്ത് വിനയകുമാറിന്‍റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാർ സ്വദേശി പൊടിമോന്‍റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്. ഇതുകൂടാതെ, കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് ഹൃദയം കൊണ്ടു പോയത് വഴി സംസ്ഥാനത്തിന് പുറത്തേക്ക് ആദ്യ അവയവദാനം നടന്നു.

അരുവിക്കര എം.എൽ.എ കെ.എസ് ശബരീനാഥൻ
 

അരുവിക്കരയിൽ കെ.എസ് ശബരീനാഥൻ
അരുവിക്കര നിയോജക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ് ശബരീനാഥൻ തിളക്കമാർന്ന വിജയം നേടി. എൽ.ഡി.എഫിലെ എം. വിജയകുമാറിനെ 10,128 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ശബരീനാഥൻ പരാജയപ്പെടുത്തിയത്. സ്പീക്കർ ജി. കാർത്തികേയന്‍റെ നിര്യാണത്തെ തുടർന്നാണ് ഇളയ മകൻ ശബരീനാഥനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. കന്നി മത്സരത്തിൽ തന്നെ വിജയം നേടിയ ശബരീനാഥൻ പതിനാലാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.

കോടിയേരി ബാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ
 

കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി; കുമ്മനം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സെക്രട്ടറി പദത്തിലേക്ക് തെരഞ്ഞെടുത്തത്. പിണറായി വിജയന്‍റെ പിൻഗാമി ആയാണ് കോടിയേരി സെക്രട്ടറി പദത്തിൽ എത്തുന്നത്. 1982, 87, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ കോടിയേരി 2006ൽ സംസ്ഥാന ആഭ്യന്തര മന്ത്രിയായി. 2008 മുതൽ പോളിറ്റ് ബ്യൂറോ അംഗവും നിലവിൽ പ്രതിപക്ഷ ഉപനേതാവുമാണ്.

തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ സംസ്ഥാന രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായ കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു.  1987ൽ ഹിന്ദുമുന്നണി സ്ഥാനാർഥിയായി തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 

ട്രേഡ് യൂണിയൻ നേതാവ് കാനം രാജേന്ദ്രനെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുതിർന്ന നേതാവും മുൻ സെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രന്‍റെ പിൻഗാമിയായാണ് കാനം ഈ പദവിയിലെത്തിയത്.

പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്
 

പി.സി ജോർജിന് അയോഗ്യത
കേരള കോൺഗ്രസ്  നേതാവ് പി.സി ജോർജിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് നിയമസഭ സ്പീക്കർ എൻ. ശക്തൻ അയോഗ്യനാക്കി. അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പി.സി  ജോർജിന് അയോഗ്യതയില്ല. എം.എൽ.എ സ്ഥാനത്ത് നിന്ന് പി.സി ജോർജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം വിപ്പും സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ ആണ് സ്പീക്കർക്ക് പരാതി നൽകിയത്.

മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ സമരം
 

പെമ്പിളൈ ഒരുമൈയുടെ തോട്ടംതൊഴിലാളി സമരം
വേതനവർധന ആവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ ഒമ്പത് ദിവസം നടത്തിയ സമരം വിജയത്തിൽ കലാശിച്ചു. ഔദ്യോഗിക തൊഴിലാളി സംഘടനകളെ മാറ്റിനിർത്തി വനിതാ തൊഴിലാളികളാണ് പുതിയ കൂട്ടായ്മയുടെ ബാനറിൽ സമരം ചെയ്തത്.  ഗോമതി, ലിസി, രാജേശ്വരി എന്നിവരാണ് പെമ്പിളൈ ഒരുമൈക്ക് നേതൃത്വം നൽകിയത്. തൊഴിലാളി സമരത്തിന് പിന്തുണ അറിയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മൂന്നാറിൽ വൻ വരവേൽപ്പ് ലഭിച്ചപ്പോൾ ഭരണ, പ്രതിപക്ഷ പാർട്ടികളെ മറ്റ് നേതാക്കൾക്ക് കൂവലും ചെരുപ്പേറുമാണ് കിട്ടിയത്.

മേയർമാരായ ഇ.പി ലത, സൗമിനി ജെയിന്‍, അജിത ജയരാജ്, വി.കെ.സി മമ്മദ് കോയ, വി. രാജേന്ദ്ര ബാബു, അഡ്വ. വി.കെ പ്രശാന്ത്
 

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം 
കേരളത്തിൽ ത്രിതല പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് മികച്ച വിജയം നേടി. 14 ജില്ല പഞ്ചായത്തിൽ ഏഴ് വീതം യു.ഡി.എഫും എൽ.ഡി.എഫും കോർപറേഷനുകളിൽ അഞ്ചെണ്ണം എൽ.ഡി.എഫും ഒരെണ്ണം യു.ഡി.എഫും ഭരണം പിടിച്ചു. 87 നഗരസഭകളിൽ 44 എണ്ണം എൽ.ഡി.എഫും 41 എണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും ഒരെണ്ണം മറ്റുള്ളവരും 152 ബ്ലോക്ക് പഞ്ചായത്തിൽ 90 എണ്ണം എൽ.ഡി.എഫും 61 എണ്ണം യു.ഡി.എഫും നേടി. 941 ഗ്രാമപഞ്ചായത്ത് 551 എൽ.ഡി.എഫും 377 യു.ഡി.എഫും 14 എണ്ണം ബി.ജെ.പിയും ഒരെണ്ണം മറ്റുള്ളവരും പിടിച്ചു. ചിത്രം പതിച്ച വോട്ടർപട്ടികയും ഇലക്രേ്ടാണിക് വോട്ടിങ് മെഷീനും ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. വോട്ടെടുപ്പിന്‍റെ ഫലം നവംബർ ഏഴിന് പ്രഖ്യാപിച്ചു. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സ്ഥലം
 

കരിപ്പൂരിൽ വെടിവെപ്പ്; സി.ഐ.എസ്.എഫ് ജവാൻ മരിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ ദേഹപരിശോധനയുടെ പേരിൽ സി.ഐ.എസ്.എഫ് ജവാന്മാരും എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ സി.ഐ.എസ്.എഫ് ഹെഡ് കോൺസ്റ്റബ്ളും യു.പി അംസഗഡ് സ്വദേശിയുമായ എസ്.എസ്. യാദവാണ് വെടിയേറ്റ് മരിച്ചത്. സി.ഐ.എസ്.എഫ് ഭടൻ സീതാറാം ചൗധരിയുടെ സർവീസ് റിവോൾവറിൽ നിന്നാണ് വെടിപൊട്ടിയത്. അഗ്നിശമനസേന ഉദ്യോഗസ്ഥൻ സണ്ണി തോമസ് അടക്കമുള്ളവർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. 

പാനായിക്കുളം സിമി ക്യാമ്പ് കേസിലെ പ്രതികളായ പി.എ. ഷാദുലി, അബ്ദുൽ റാസിഖ്, അൻസാർ നദ് വി, നിസാമുദ്ദീൻ, ഷമ്മാസ്
 

പാനായിക്കുളം കേസിൽ പ്രതികൾക്ക് കഠിന തടവ് 
പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയവരിൽ രണ്ട് പ്രതികൾക്ക് 14 വർഷവും ബാക്കി മൂന്ന് പ്രതികൾക്ക് 12 വർഷവും കഠിനതടവും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചു. കേസിൽ 13 പേരെ കുറ്റവിമുക്തരാക്കി.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍
 

സി.പി.എം പ്രമേയവും വി.എസിന്‍റെ ഇറങ്ങിപ്പോക്കും
താൻ തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നുവെന്ന പ്രമേയത്തിൽ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദന്‍ ആലപ്പുഴ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാർട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് വി.എസ് വിശദീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം അന്നത്തെ സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.

നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏറ്റുമുട്ടിയപ്പോൾ
 

നിയമസഭയിൽ ഭരണ-പ്രതിപക്ഷ കൈയ്യാങ്കളി
നിയമസഭയിൽ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കവും ഇത് തടയാനുള്ള ഭരണപക്ഷ ശ്രമവും വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചു. സ്പീക്കറെ തടയാനുള്ള ശ്രമത്തിനിടെ ഡയസ് തല്ലിതകർത്ത എം.വി ജയരാജന്‍, വി. ശിവന്‍കുട്ടി, കെ.ടി ജലീല്‍, കെ. കുഞ്ഞമ്മദ്, കെ. അജിത് എന്നീ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ വനിതാ എം.എല്‍.എമാരായ ജമീല പ്രകാശം, കെ.കെ ലതിക, ഇ.എസ് ബിജുമോൾ എന്നിവരെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ കെ. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, എ.ടി ജോര്‍ജ്, ഡൊമിനിക് പ്രസന്‍റേഷന്‍ എന്നീ യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു. ബഹളത്തിനിടെ മന്ത്രി മാണി തന്‍റെ പതിമൂന്നാം ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു.

ഫോര്‍ട്ട് കൊച്ചിയിൽ അപകടത്തിൽപ്പെട്ട യാത്രാ ബോട്ട്
 

ഫോർട്ട് കൊച്ചി ബോട്ട് ദുരന്തം
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ 11 പേർ മരിച്ചു. കൊച്ചി നഗരസഭക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 35 വർഷത്തിലേറെ പഴക്കമുള്ള, തടി കൊണ്ട് നി‍ർമിച്ച ബോട്ടിൽ ഇരുമ്പ് കൊണ്ട് നിർമിച്ച കൂറ്റൻ മത്സ്യബന്ധന വള്ളം ഇടിച്ചതോടെ നടുവേ പിളർന്നു മുങ്ങുകയായിരുന്നു.

*
 

മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം 
ഫൈവ് സ്റ്റാര്‍ ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് മതിയെന്ന കേരളസർക്കാർ നയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. സർക്കാർ നയം ചോദ്യം ചെയ്ത് ബാറുടമകൾ നൽകിയ അപ്പീൽ കോടതി തള്ളി. നയം തീരുമാനിക്കാൻ സർക്കാറിന് അവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രംജിത് സെൻ, ശിവകീർത്തി സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇതോടെ താൽക്കാലികമാ‍യി പൂട്ടിയ 703 ടു സ്റ്റാർ, ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് സ്ഥിരമായി താഴ് വീഴുകയാണ്. സംസ്ഥാനത്ത് 27 ഫൈവ് സ്റ്റാർ ബാർ, 37 ബാർ ക്ലബ്, 806 ബിയർ–വൈൻ പാർലർ എന്നിവ തുടർന്ന് പ്രവർത്തിക്കും. 


മാൻഹോൾ അപകടത്തിൽപ്പെട്ടവരെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നു

കോഴിക്കോട് മാൻഹോൾ അപകടം
കോഴിക്കോട് പാളയത്തിനടുത്ത് അഴുക്കുചാലിന്‍റെ മാന്‍ഹോള്‍ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ രണ്ട് തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും ശ്വാസംമുട്ടി മരിച്ചു. ആന്ധ്ര  വെസ്റ്റ് ഗോദാവരി സ്വദേശികളായ നരസിംഹം (41), ഭാസ്കര്‍ (42) എന്നിവരും ഓട്ടോ ഡ്രൈവറായ കോഴിക്കോട് കരുവിശ്ശേരി മേപ്പക്കുടി നൗഷാദും (33) ആണ്  മരിച്ചത്. ഭൂഗര്‍ഭ അഴുക്കുചാലിലെ വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം.
സെക്രട്ടറിയേറ്റ് മന്ദിരം
 

മലയാള ഭാഷാ ബില്ലിന്‌ അംഗീകാരം
മലയാള ഭാഷാ ബില്ലിന്‌ മന്ത്രിസഭ അംഗീകാരം നൽകി. മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച ബില്ലിന്‍റെ അന്തിമ കരടാണ് മന്ത്രിസഭ അംഗീകരിച്ചത്. കേരള ഔദ്യോഗിക ഭാഷാ ആക്ട് 1969 അനുസരിച്ച് സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളാണ്. ഇതിന് പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് കേരള സർക്കാറിന്‍റെ ലക്ഷ്യം.

മാവോവാദി രൂപേഷിനെയും ഭാര്യ ഷൈനിയെയും പൊലീസ് പിടികൂടിയപ്പോൾ
 

മാവോവാദി രൂപേഷും ഭാര്യ ഷൈനിയും പിടിയിൽ
മാവോവാദി രൂപേഷും ഭാര്യ ഷൈനിയും അടങ്ങുന്ന അഞ്ചംഗ സംഘത്തെ ആന്ധ്രാ പൊലീസ് പിടികൂടി. ഷൊര്‍ണൂർ തീവണ്ടി അട്ടിമറി, ആന്ധ്രയിലെ മാവോവാദി നേതാക്കളെ കേരളത്തില്‍ ഒളിവില്‍ താമസിപ്പിച്ചത് അടക്കമുള്ള കേസുകളില്‍ പ്രതിയാണ് രൂപേഷ്. സംസ്ഥാന സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതോടെ കഴിഞ്ഞ 10 വര്‍ഷമായി രൂപേഷും അഞ്ച് വര്‍ഷമായി ഷൈനിയും ഒളിവിലായിരുന്നു. സി.പി.ഐ (മാവോയിസ്റ്റ്)ന്‍റെ സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമാണ് രൂപേഷ്. കേരളത്തിലെ വനിതാ ഗറില്ല വിഭാഗത്തിന്‍റെ ചുമതലയുള്ള ആളും കേന്ദ്ര കമ്മിറ്റിയംഗവുമാണ് കേരള ഹൈകോടതി മുൻ ക്ലാര്‍ക്കായിരുന്ന ഷൈനി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ഗറില്ല വിഭാഗത്തെ ഉത്തേജിപ്പിച്ച് ചെറുതും വലുതുമായ 13 ആക്ഷനുകളാണ് ഇവര്‍ നടത്തിയത്.

തയാറാക്കിയത്: പി.എ മുഹമ്മദ് റസിലി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralam 2015replayed 2015year ender 2015
Next Story