ചലച്ചിത്ര അക്കാദമിയിലെ കരാര്‍ നിയമനം: ജയന്തി നരേന്ദ്രനാഥിനെ പുറത്താക്കി
text_fields
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിനെ സര്‍ക്കാര്‍ പുറത്താക്കി. ജയന്തിയുടെ കരാര്‍നിയമനം അനധികൃതമാണെന്നും ഒരു മാനദണ്ഡവും പാലിക്കാതെയാണ് കരാര്‍ നീട്ടിനല്‍കിയതെന്നുമുള്ള ‘മാധ്യമം’ വാര്‍ത്തകളെ തുടര്‍ന്നാണ് തീരുമാനം. ഇതുസംബന്ധിച്ച നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും പകരം മറ്റൊരാളെ പരിഗണിക്കുന്നതുസംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കാണിച്ച് സാംസ്കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി രാഗേഷ് ധരണീന്ദ്രന്‍ അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ക്ക് കത്തുനല്‍കി.
ജയന്തി നരേന്ദ്രനാഥിന് ആവശ്യമായ യോഗ്യതയില്ളെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് മറികടന്ന് ജയന്തിയെ അക്കാദമിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു. ഉന്നത ഇടപെടലില്‍ രണ്ടുമാസത്തിനിടെ അക്കാദമിയില്‍ നിരവധി നിയമനങ്ങള്‍ നടന്നതില്‍ പ്രതിഷേധിച്ച് പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) ദീപിക സുശീലന്‍ അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു. 2012 ജൂലൈയിലാണ് ജയന്തി അക്കാദമിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അക്കാദമിക് യോഗ്യതയും സിനിമാസംബന്ധമായ പ്രവര്‍ത്തനപരിചയവും ഇല്ലാത്തയളെ അക്കാദമിയുടെ മുഖ്യസ്ഥാനത്തേക്ക് പരിഗണിച്ചെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് 2013ല്‍ ജയന്തിയെ അന്നത്തെ സിനിമാമന്ത്രിയായിരുന്ന ഗണേഷ്കുമാര്‍ ഒഴിവാക്കിയെങ്കിലും ഇതിനെതിരെ നല്‍കിയ ഹരജിയില്‍ ഹൈകോടതി സര്‍ക്കാര്‍ തീരുമാനം വരുംവരെ പിരിച്ചുവിടല്‍ മരവിപ്പിക്കുകയായിരുന്നു. 2014 ഒക്ടോബറില്‍ സാംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.എസ്. പവനകുമാരി ജയന്തി നല്‍കിയ പരാതി തള്ളിയതായി അറിയിച്ച് കത്ത് നല്‍കിയെങ്കിലും അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ ചില പ്രമുഖര്‍ കത്ത് പൂഴ്ത്തുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ചെയര്‍മാന്‍ രാജീവ്നാഥിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതിയോഗം 42,750 രൂപ പ്രതിമാസ വേതനം നിശ്ചയിച്ച് ജയന്തിക്ക് അടുത്ത ജൂലൈ വരെ കരാര്‍ നീട്ടിനല്‍കിയിരുന്നു. ഈ നിയമനമാണ് സര്‍ക്കാര്‍ ഉത്തരവോടെ റദ്ദായത്. അതേസമയം, ഉത്തരവ് വന്നിട്ടും ജയന്തി അക്കാദമിയില്‍ തുടരുന്നതിനെതിരെ ജനറല്‍ കൗണ്‍സിലിലെ ഒരുവിഭാഗം രംഗത്തത്തെി. ഡിസംബര്‍ 26ന് കോട്ടയത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് മേളയുടെ മുഖ്യചുമതല ജയന്തിക്കാണ്. ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ ചടങ്ങില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്തണമെന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ നടന്‍ പ്രേംപ്രകാശ്, നിരൂപകന്‍ രാജശ്രീകുമാര്‍ വര്‍മ, സംവിധായകന്‍ ചന്ദ്രപ്രകാശ് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.