വിവാദ പ്രസംഗം: വെള്ളാപ്പള്ളിക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: സമത്വ മുന്നേറ്റ യാത്രക്കിടെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ച കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈകോടതി ജാമ്യം അനുവദിച്ചു. ജനുവരി 12 നോ അതിനു മുേമ്പാ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അന്നുതന്നെ ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചു.
വെള്ളാപ്പള്ളിയുടെ പ്രസംഗം സർക്കാറിെൻറ വിവേചനത്തിന് എതിരാണെന്നും ഏതെങ്കിലും മതത്തിന് എതിരാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്നും ജസ്റ്റിസ് ഭവദാസൻ നിരീക്ഷിച്ചു. മുൻകൂർ ജാമ്യം തേടി വെള്ളാപ്പള്ളി ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ കോടതി സർക്കാറിൻെറ വിശദീകരണം ആരാഞ്ഞിരുന്നു. വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
തന്നെ അകത്താക്കാൻ സർക്കാർ പഠിച്ച പണിയൊക്കെ ചെയ്തെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ആരുടെ മുൻപിൽ ഹാജരാകാനും കോടതി നിർദേശിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും സർക്കാറിനെ വിമർശിക്കുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി നടേശൻ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായ നൗഷാദ് എന്ന യുവാവിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത് സൂചിപ്പിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മുസ് ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷൻ 153 എ പ്രകാരമാണ് കേസെടുത്തത്. മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.