ആലുവ: പ്രശസ്ത സാമൂഹികപ്രവര്‍ത്തക ദയാബായിയെ അപമാനിച്ച് ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍. ഷൈലനെതിരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍ കേസെടുത്തത്. അസഭ്യം പറഞ്ഞതിന് 294 (ബി) പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പ് പ്രകാരവുമാണ് കേസ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ച ആലുവ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കണ്ടക്ടറുടെയും ഡ്രൈവര്‍ യൂസഫിന്‍െറയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ആലുവ ജോയന്‍റ് ആര്‍.ടി.ഒ ജിജോ പി. ജോസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂരില്‍നിന്ന് ആലുവയിലേക്ക് വരുകയായിരുന്ന ദയാബായി സ്റ്റോപ് എത്തിയോയെന്ന് ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ മോശമായി പെരുമാറിയത്. ഇറങ്ങേണ്ട സ്റ്റോപ്പിനുമുമ്പ് വഴിയില്‍ ഇറക്കിവിടുകയും ചെയ്തു.
ദയാബായിയോട് കേസില്‍ മൊഴിനല്‍കാനായി ഹാജരാകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലായതിനാല്‍ ഫെബ്രുവരിയില്‍ കേരളത്തിലത്തെുമ്പോള്‍ മാത്രമെ വിശദ മൊഴി നല്‍കാന്‍ കഴിയൂവെന്ന് അവര്‍ അറിയിച്ചു. ബസിലെ ഏതാനും യാത്രക്കാര്‍ സാക്ഷികളായി മൊഴി നല്‍കുന്നതിന് സ്വമേധയാ മുന്നോട്ടു വന്നിട്ടുണ്ട്. പൊലീസിനും കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിനും നല്‍കിയ പ്രാഥമിക വിശദീകരണത്തില്‍ ദയാബായി ഇംഗ്ളീഷ് ഭാഷയില്‍ സംസാരിച്ചിരുന്നെന്ന് കണ്ടക്ടര്‍ പറഞ്ഞു. അതിനാല്‍ ആലുവയില്‍ ഇറങ്ങണമെന്ന് ദയാബായി പറഞ്ഞത് മനസ്സിലായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തന്നോട് കയര്‍ക്കുകയായിരുന്നെന്നുമാണ് വിശദീകരണം നല്‍കിയത്.