തൊഴിൽ സുരക്ഷാലംഘനം: ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആഴ്ചയിലൊരിക്കൽ പരിശോധന
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ആഴ്ചയിലൊരിക്കൽ നിർബന്ധിത പരിശോധന നടത്താൻ ജില്ലാ ലേബർ ഓഫിസർമാർക്ക് ലേബർ കമീഷണർ നിർദേശം നൽകി. തൊഴിൽ ക്യാമ്പുകളിൽ അനാരോഗ്യകരമായ സാഹചര്യവും തൊഴിൽ സുരക്ഷാലംഘനവും നടക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. പരിശോധനയിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ തൊഴിലുടമക്കെതിരെ കാലതാമസം കൂടാതെ കേസെടുക്കാനും ഉത്തരവിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും ചില നിർമാണ സൈറ്റുകൾക്ക് ഇതിനോടകം തൊഴിൽ വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം സ്റ്റോപ് മെമ്മോ നൽകി. സുരക്ഷിതത്വമില്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ അപകടങ്ങളിൽപെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ 126 ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി സ്ഥലങ്ങളിൽ അപകടത്തിൽപെട്ട് മരിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് പരിശോധന. ഇതര സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ ജോലിക്ക് എത്തിക്കുന്നതായും നിർമാണ മേഖലയിലടക്കം പണിയെടുപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. കുടുംബമായി താമസിക്കുന്ന ഇടങ്ങളിൽ കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം, ഭക്ഷണം, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ടോ എന്നും പരിശോധിക്കും. തൊഴിലാളികൾക്കിടയിൽ സാംക്രമിക രോഗങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും സ്ക്വാഡിെൻറ ഭാഗമായി നടക്കും. ആരോഗ്യവിഭാഗത്തിെൻറ സഹകരണത്തോടെയാകും ഇത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടി തുടങ്ങിയെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് 2013ൽ നടത്തിയ പഠനത്തിൽ 25 ലക്ഷം തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് കണക്ക്. എന്നാൽ, 2010ൽ ആരംഭിച്ച കുടിയേറ്റ തൊഴിലാളിക്ഷേമ പദ്ധതിയിൽ 51609 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം –1763, കൊല്ലം–985, പത്തനംതിട്ട –2295, ആലപ്പുഴ –3618, കോട്ടയം –3618, ഇടുക്കി –1142, എറണാകുളം –8752, തൃശൂർ –3841, പാലക്കാട് –3255, മലപ്പുറം –2584, കോഴിക്കോട് –4377, വയനാട് –6632, കണ്ണൂർ –5963, കാസർകോട് –4138 എന്നിങ്ങനെയാണ് ക്ഷേമ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
