ഗുജറാത്ത് കലാപം പുനരധിവാസത്തിൽ നോട്ടപ്പിശക് സംഭവിച്ചതായി മുസ് ലിം ലീഗ്
text_fieldsകോഴിക്കോട്: ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ നോട്ടപ്പിശക് സംഭവിച്ചതായി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ. കോഴിക്കോട് ലീഗ് ഹൗസിൽ ശനിയാഴ്ച രാവിലെ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗത്തിലാണ് ഇ.ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് വംശഹത്യാ ഇരകൾക്കായി അഹ്മദാബാദിലെ ദാനിലിംഡയിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിൽ മുസ്ലിം ലീഗ് പണികഴിപ്പിച്ച വീടുകളെയും അവിടെ നരകതുല്യമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളേയും കുറിച്ച് മാധ്യമം വാരിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ഈ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദീകരിക്കേണ്ടിവന്നത്. പ്രവർത്തക സമിതി യോഗം ഒരു മണിക്കൂർപോലും നീണ്ടുനിന്നില്ലെങ്കിലും കാര്യമായി വിശദീകരണം നടന്നത് ഗുജറാത്ത് പുനരധിവാസപ്രവർത്തനങ്ങളെക്കുറിച്ചാണ്.
ഗുജറാത്ത് ഇരകളെ പുനരധിവസിപ്പിക്കുന്നതിൽ പാർട്ടിക്ക് നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ടെന്ന ആമുഖത്തോടെയാണ് ഇ.ടി പ്രസംഗം ആരംഭിച്ചത്. 2004ലാണ് ദാനിലിംഡയിലെ സിറ്റിസൺസ് നഗരിയിൽ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ലീഗ് വീടുകൾ നിർമിച്ചുനൽകിയത്. അഖിലേന്ത്യാ പ്രസിഡൻറ് ഇ. അഹമ്മദാണ് ഇതിെൻറ ചുക്കാൻപിടിച്ചത്. അഹ്മദാബാദിൽ പ്രവർത്തിക്കുന്ന പ്രമുഖ ട്രസ്റ്റിനെയാണ് ഈ ദൗത്യം പാർട്ടി ഏൽപിച്ചത്. സ്ഥലം തെരഞ്ഞെടുത്തതുൾപ്പെടെ എല്ലാം ട്രസ്റ്റ് തന്നെയാണ് ചെയ്തത്. അന്ന് ഈ സ്ഥലത്ത് ഇത്രമാത്രം മാലിന്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കുടുംബങ്ങളെല്ലാം അങ്ങോട്ട് മാറിത്താമസിച്ചത്. മുസ്ലിം ലീഗ് നിർമിച്ചുനൽകിയ 40 വീടുകൾ മാത്രമല്ല നൂറുകണക്കിന് വേറെയും വീടുകൾ ഇവിടെയുണ്ട്. ഈ പ്രദേശം ഇപ്പോൾ ദുർഗന്ധപൂരിതമാണെന്നത് ശരിയാണ്.
താമസക്കാർക്ക് കൈവശ രേഖകൾ ട്രസ്റ്റ് കൈമാറാത്തതിനെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് അഹമ്മദിനോട് ചോദിക്കണം. അഹമ്മദാകട്ടെ ചികിത്സാർഥം അമേരിക്കയിലുമാണ്. അവിടെ പുനരധിവസിപ്പിക്കപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ച് അവലോകനം ചെയ്യാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. അവിടത്തെ മോശമായ സ്ഥിതിയെക്കുറിച്ച് പാർട്ടിയെ ആരും അറിയിച്ചിട്ടുമില്ല. എന്നാൽ, ഇപ്പോൾ രാഷ്ട്രീയ അജണ്ട വെച്ച് ചില മാധ്യമങ്ങൾ ഇത് ആയുധമാക്കുകയാണെന്നും ഇ.ടി പറഞ്ഞു.
രാവിലെ 10ന് ആരംഭിച്ച യോഗത്തിൽ മുസ്ലിം ലീഗ് നടത്താൻ പോകുന്ന സംസ്ഥാന ജാഥയെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങൾക്ക് തിരക്കിട്ട പരിപാടികളുള്ളതിനാൽ യോഗം പെട്ടെന്നവസാനിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
