മെട്രോ സുരക്ഷ; കെ.എം.ആർ.എല്ലിനെതിരെ ഈമക്കത്തുകൾ
text_fieldsകൊച്ചി: കൊച്ചി മെട്രോയുടെ സുരക്ഷാ സംവിധാനമായ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അട്ടിമറിക്കുന്നതായി ആരോപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെതിരെ(കെ.എം.ആർ.എൽ)ഈമക്കത്ത്. യൂറോപ്യൻ കമ്പനിയും കൊച്ചി മെട്രോയുടെ റോളിങ്ങ് സ്റ്റോക് (ട്രെയിൻ ബോഗി) നിർമാണ കരാർ ലഭിച്ച ഫ്രഞ്ച് കമ്പനി ആൽസ്റ്റോമിന് വേണ്ടി ടെൻഡർ നടപടികൾ അട്ടിമറിക്കുന്നുവെന്നാണ് പ്രചാരണം. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന കത്തുകളാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ മാധ്യമ സ്ഥാപനങ്ങൾക്ക് എത്തിച്ച് കൊടുത്തത്.
എന്നാൽ, കൊച്ചി മെട്രോയിൽനിന്ന് കരാർ പ്രതീക്ഷിക്കുന്ന ചൈനീസ് കമ്പനികളുടെ ഏജൻറുമാരാണ് പ്രചാരണത്തിന് പിന്നിലെന്നാണ് കെ.എം.ആർ.എൽ ആരോപിക്കുന്നത്. ടെൻഡർ ലഭിച്ചേക്കില്ലെന്ന ആശങ്കയാണിതിന് പിന്നിലെന്നും പറയുന്നു.
കൊച്ചി മെട്രോയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. ടെൻഡറിൽ പങ്കെടുത്ത ചൈനീസ് കമ്പനികൾ ഹാജരാക്കിയ പരിചയ സർട്ടിഫിക്കറ്റ്, ഗുണമേന്മ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിക്കാൻ ചൈനീസ് എംബസിക്ക് കൈമാറിയിരിക്കുകയാണെന്നാണ് കെ.എം.ആർ.എൽ നൽകുന്ന വിശദീകരണം. രാജ്യത്ത് ഒരു മെട്രോയിലും നടപ്പാക്കാത്ത പ്ലാറ്റ്ഫോം സ്ക്രീൻ എർപ്പെടുത്താനുള്ള ടെൻഡർ നടപടികൾ വൈകുന്നത് പദ്ധതി വൈകാൻ കാരണമാകുമെന്നതിനാലാണ് നേരത്തേ ഇത് വേണ്ടെന്ന് വെച്ചത്.
സംവിധാനം അനാവശ്യ ചെലവുണ്ടാക്കുമെന്ന് ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനും ചൂണ്ടിക്കാട്ടിയിരുന്നു. ഭാവിയിൽ ഡ്രൈവറില്ലാത ഓടുന്ന കൊച്ചി മെട്രോക്ക് സംവിധാനം അനിവാര്യമാണെന്ന് കണ്ടതോടെയാണ് ഇതിനായി ടെൻഡർ വിളിച്ചതെന്നുമാണ് കെ.എം.ആർ.എൽ ചൂണ്ടിക്കാട്ടുന്നത്. ടെൻഡർ നടപടികളിൽ അന്തിമപട്ടികയിലുള്ള ആദ്യ രണ്ട് കമ്പനികളും ചൈനീസ് കമ്പനികളാണെന്നും ചൂണ്ടിക്കാട്ടുന്നു. ട്രെയിൽ എത്തുമ്പോൾ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ വാതിലുകൾ സ്വയം അടഞ്ഞ് തുറക്കുന്ന സംവിധാനമാണ് പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ. അതേസമയം ടെൻഡർ സമർപ്പിച്ച ഏതെങ്കിലും കമ്പനിയുമായി കരാർ ഉറപ്പിച്ച് ആദ്യഘട്ട ഉദ്ഘാടനത്തിന് മുമ്പ് തന്നെ സംവിധാനം നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം ഇതുവരെയുള്ള നടപടികൾ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് കത്തിൽ ആരോപിക്കുന്നത്.
ആൽസ്റ്റോം കമ്പനിയുടെ സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടനിലക്കാരനാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്നുമാണ് ആരോപണം. ആന്ധ്രയിലെ ശ്രീസിറ്റിയിൽ നിർമാണം പുരോഗമിക്കുന്ന മെട്രോ കോച്ചുകളിൽ ആദ്യത്തേത് അടുത്തമാസം ആദ്യം കെ.എം.ആർ.എല്ലിന് കൈമാറും. റോഡ് മാർഗം പത്ത് ദിവസത്തിനുള്ളിൽ ഇവ കൊച്ചിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. മൂന്ന് കോച്ചുകൾ വീതമുള്ള 25 ട്രെയിനുകളിൽ ആദ്യത്തേതായിരിക്കും ഇത്.
കൊച്ചിയിൽ എത്തിക്കുന്ന ഈ കോച്ചുകൾ ഉപയോഗിച്ചായിരിക്കും പരീക്ഷണ ഓട്ടങ്ങൾ നടത്തുക. ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ ആറ് ട്രെയിനുകൾ മാത്രം മതിയാകും. എന്നാൽ, 2016 ജൂണിൽ ആലുവ മുതൽ മഹാരാജാസ് കോളജ് വരെ സർവിസ് നടത്തുമെന്ന വാഗ്ദാനം നിലവിലെ സാഹചര്യത്തിൽ നിറവേറ്റാനാവില്ലെന്നാണ് സൂചന. സെപ്റ്റംബറിലോ ഒക്ടോബറിലോ മാത്രമേ സർവിസ് ആരംഭിക്കാനാവൂവെന്നാണ് സൂചനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
